പൊന്നമ്പലമേട്ടിലെ പൂജ : നാരായണന് നമ്പൂതിരിക്കായി പോലീസ് തിരച്ചില്‍ തുടരുന്നു
പൊന്നമ്പലമേട്ടില്‍ കടന്നു കയറി പൂജ നടത്തിയ നാരായണന് നമ്പൂതിരിക്കായി പോലീസ് തിരച്ചില്‍ തുടരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം മേയ് എട്ടിന് പൊന്നമ്പലമേട്ടിലെത്തി. നാരായണന് നമ്പൂതിരി അടങ്ങുന്ന സംഘത്തെ കൊണ്ടുപോയത് വനം വികസന കോര്‍പ്പറേഷനിലെ താത്കാലിക ജീവനക്കാരായ രാജേന്ദ്രന് കറുപ്പയ്യയും സാബു മാത്യൂസുമാണെന്നുമാണ് വിവരം.ആറുപേര്‍ക്കൊപ്പമാണ് നാരായണന് നമ്പൂതിരി വള്ളക്കടവില്‍ എത്തിയത്. പൊന്നമ്പലമേട്ടിലേക്ക് എത്തിക്കാന്‍ കറുപ്പയ്യയ്ക്കും സാബു മാത്യൂസിനും 3,000 രൂപ നല്കി. പണം കൈമാറിയ ശേഷം ഗവി റൂട്ടില്‍ മണിയാട്ടി പാലം വഴി പത്ത് കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് 11.30-ന് സംഘം പൊന്നമ്പലമേട്ടിലെത്തി. ഒരു മണിക്കൂര്‍ അവിടെ ചെലവഴിച്ചുവെന്നും പോലീസ് കണ്ടെത്തി.ദേവസ്വം ബോര്‍ഡിന്റെ കൈവശത്തിലും നടത്തിപ്പിലുമുള്ള ഹിന്ദു മതവിശ്വാസികള്‍ പവിത്രവും പരിപാവനവും ശബരിമല ശാസ്താവിന്റെ മൂലസ്ഥാനവുമായി കരുതുന്ന പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പരിപാവനതയെ കളങ്കപ്പെടുത്തണമെന്നും അയ്യപ്പഭക്തരെ അവഹേളിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ആചാരവിരുദ്ധമായ പൂജ നടത്തി വിശ്വാസികളെ അവഹേളിച്ചുവെന്നാണ് പോലീസിന്റെ എഫ്.ഐ.ആറിലുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 295, 295-എ, 447, 34 വകുപ്പുകള്‍ പ്രകാരമാണ് കേസ്. പോലീസിന്റെ എഫ്.ഐ.ആറില്‍ പ്രതികളായി ആരേയും ചേര്‍ത്തിട്ടില്ല.