നീറ്റ് വിവാദം; ആയൂര്‍ മാര്‍ത്തോമാ കോളേജിലേക്ക് നടത്തിയ വിദ്യാര്‍ത്ഥി മാര്‍ച്ചില്‍ സംഘര്‍ഷം
കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ആയൂരിലെ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി കോളേജില്‍ നടന്ന് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു.
കെഎസ്യു, എബിവിപി, എസ്എഫ്ഐ എന്നീ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് കോളേജിലേക്ക് മാര്‍ച്ച് നടന്നത്. എന്നാല്‍ ഇവര്‍ കോളേജിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തിയത്. സംഘര്‍ത്തിനിടെ കോളേജിലെ ജനല്‍ ചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കേന്ദ്രത്തില്‍ വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. വസ്ത്രത്തില്‍ ലോഹ വസ്തു ഉണ്ടെന്ന കാരണം സൂചിപ്പിച്ചായിരുന്നു ഈ പരിശോധന. ദേഹ പരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന സ്ത്രീയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തത്.
Content Highlights – NEET Controversy, Clashes during student march to Ayur Marthoma College