മലപ്പുറത്ത് ക്രിപ്റ്റോ കറൻസിയുടെ പേരിൽ തട്ടിപ്പ്; യുവാവിനെതിരെ പരാതി
മലപ്പുറത്ത് ക്രിപ്റ്റോ കറൻസിയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. വെളിയങ്കോട്, താവളക്കുളം സ്വദേശി ഷറഫു എന്നയാൾ തൻ്റെ കയ്യിൽ നിന്നും 83,000 രൂപ തടിയെടുത്തതായി കാണിച്ച് തട്ടിപ്പിനിരയായ യുവാവ് പരാതി നൽകി. പൊന്നാനി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.
നെസ് ടോക്കൺ എന്ന ക്രിപ്റ്റോ കറൻസിയുടെ പേരിലായിരുന്നു ഷറഫുവിൻ്റെ തട്ടിപ്പ്. ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് മാർക്കറ്റിൽ നെസ് ടോക്കണിൻ്റെ മൂല്യം ദിനംപ്രതി വർദ്ധിച്ചുവരികയാണെന്നും നിക്ഷേപിക്കുന്നവർക്ക് ഇരട്ടിയിലധികം ലാഭം കിട്ടുമെന്നുമായിരുന്നു വാഗ്ദാനം. പത്തുലക്ഷം രൂപയിലധികം നിക്ഷേപിക്കുന്നവർക്ക് ഐ ഫോൺ സമ്മാനമായി ലഭിക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും മറ്റും നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തതായി പരാതിക്കാരൻ സാർക്ക് ലൈവിനോട് പറഞ്ഞു.
നിലവിൽ പണം നഷ്ടപ്പെട്ടവർക്ക് പണം തിരിച്ചുനൽകുന്നതിന് പകരം പുതിയ ക്രിപ്റ്റോ കറൻസിയുമായി ഷറഫു പുതിയ ഇരകളെ കണ്ടെത്തുകയാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു. ക്രിപ്റ്റോ കറൻസിയുടെ പേരിലുള്ള തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമായി വരികയാണ്.
Content Highlight: Youth alleges cheating in Nez Token Cryptocurrency deal