എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിനെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിനെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു. നിഖിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
കോളേജിൽ നടന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം. സംഭവം ആറംഗ സമിതി അന്വേഷിക്കുമെന്നും കോളജ് പ്രിൻസിപ്പൽ അറിയിച്ചു. കോളേജിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. അധ്യാപകർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തിൽ അധ്യാപകർക്കെതിരായ നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും ഉടൻ തന്നെ പോലീസിൽ പരാതിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.