നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതകം: നൗഷാദിന്റെ കസ്റ്റഡി നാളെ അവസാനിക്കും; തെളിവെടുപ്പ് പൂർത്തിയായി
നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ പ്രതി നൗഷാദിന്റെ കസ്റ്റഡി നാളെ അവസാനിക്കും. നൗഷാദിന്റെ തെളിവെടുപ്പ് പൂർത്തിയായി. നൗഷാദുമായി നിലമ്പൂർ സിഐയുടെ നേതൃത്വത്തിൽ നടത്തിയ തെളിവെടുപ്പിൽ മൃതദേഹം വെട്ടി നുറുക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഇറച്ചിപ്പലകയുടെ കുറ്റി കണ്ടെത്തിയിരുന്നു. നിലമ്പൂർ റയിൽവെ സ്റ്റേഷന് സമീപം രാധാകൃഷ്ണൻ നായർ എന്ന ഉണ്ണിയുടെ വീട്ടുവളപ്പിലെ പുളിമരത്തിന്റെ കുറ്റിയാണ് പോലീസ് കണ്ടെത്തിയത്.
നൗഷാദിന് മരക്കഷ്ണം വിറ്റതായി മര വ്യാപാരി ഉമ്മറും പോലീസിൽ മൊഴി നൽകി. ഞായറായ്ച വൈകുന്നേരം നാല് മണിയോടെയാണ് പ്രതിയുമായി സി ഐ പി വിഷ്ണു, എസ് ഐമാരായ കെ ബഷീർ, നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിൽ റയിൽവെ സ്റ്റേഷന് സമീപമുള്ള വീട്ടിൽ തെളിവെടുപ്പ് നടത്തിയത്. ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങിയ പ്രതി നൗഷാദിനെ തിങ്കളാഴ്ച കോടതിയിൽ തിരിച്ചേൽപ്പിക്കും.
പുളി മരം മര വ്യാപാരിയായ പറമ്പാടൻ ഉമ്മറിനാണ് രാധാകൃഷ്ണൻ വിറ്റത്. ഇയാളിൽ നിന്നാണ് ഷാബാ ശരീഫിന്റെ മൃതദേഹം വെട്ടി നുറുക്കാൻ വേണ്ടി നൗഷാദ് ഒന്നര മീറ്റർ നിളമുള്ള മരക്കഷ്ണം വാങ്ങിയത്. കൊലപാതകത്തിന് തൊട്ടടുത്ത ദിവസമാണ് മൃതദേഹ വെട്ടി നുറുക്കാനായി മരക്കഷ്ണം വാങ്ങിയത്. പോലീസ് കണ്ടെത്തിയ പുളിമര കുറ്റിയിൽ നിന്നുള്ള കഷ്ണം തന്നെയാണ് വാങ്ങിയതെന്ന് പ്രതിയും സമ്മതിച്ചു.
മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതക അന്വേഷണത്തിൽ ഏറ്റവും നിർണായകം സാഹചര്യ തെളിവുകളും ഡിജിറ്റൽ തെളിവുകളും ശാസ്ത്രീയ പരിശോധന ഫലങ്ങളും ആണ്. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താൻ ഏറെ പ്രയാസം ആണെന്നിരിക്കെ അന്വേഷണ സംഘം ഏറ്റവും ശ്രദ്ധ നൽകുന്നത് തെളിവ് ശേഖരണത്തിന് ആണ്. അതുകൊണ്ടാണ് കൊലയെ പറ്റി പോലീസിനോട് വെളിപ്പെടുത്തിയ നൗഷാദിനെ തന്നെ ആദ്യം മുഖ്യ പ്രതി ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തിയത്.
രണ്ടു ദിവസങ്ങളിലായി ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ രക്തകറയും, മുടിയും ഉൾപ്പടെയുള്ള നിർണായക തെളിവുകൾ ലഭിച്ചു.കൊല്ലപ്പെട്ട ഷാബാ ഷെരീഫിനെ താമസിപ്പിച്ചിരുന്ന മുറി, കൊലപാതക ശേഷം മൃതദേഹം വെട്ടി നുറുക്കിയ ശുചി മുറി എന്നിവിടങ്ങളിൽ നിന്നുമാണ് രക്തക്കറ കണ്ടെത്തിയത്. ഇവിടെ ഉണ്ടായിരുന്ന ടൈൽസുകൾ, ശുചിമുറിയുടെ പൈപ്പുകൾ എന്നിവയെല്ലാം അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു. മൃതദേഹ അവശിഷ്ടങ്ങൾ കഷ്ണങ്ങൾ ആക്കി പുഴയിൽ തള്ളാൻ കൊണ്ടുപോയതെന്ന് കരുതുന്ന കാറിൽ നിന്നും തലമുടിയും കണ്ടെത്തിയിട്ടുണ്ട്. ഡി.എൻ.എ പരിശോധനക്കായി ഇവ ഉടൻ അയക്കും.
പ്രതികളിൽ ഒരാളായ നൗഷാദിന്റെ തെളിവെടുപ്പ് രണ്ട് ദിവസം കൊണ്ട് പൂർത്തിയായി. കേസിലെ മുഖ്യ പ്രതി ഷൈബിൻ അഷ്റഫിനെ അടുത്ത ദിവസം തന്നെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
2019 ഓഗസ്റ്റിൽ മൈസൂരിൽ നിന്നും തട്ടിക്കൊണ്ടു വന്ന മൂലക്കുരു ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ 2020 ഒക്ടോബറിൽ തടങ്കലിൽ വച്ച് ഷൈബിൻ അഷ്റഫ് മർദിച്ചു കൊന്നു എന്നാണ് നൗഷാദ് പോലീസിനോട് പറഞ്ഞത്. തുടർന്ന് മൃതദേഹം കഷ്ണങ്ങൾ ആക്കി മുറിച്ച് വെട്ടിയരിഞ്ഞ് പുഴയിൽ തള്ളി എന്നുമായിരുന്നു നൗഷാദിന്റെ വെളിപ്പെടുത്തൽ.
Content Highlight – Nilambur traditional healer murdered: Noushad’s custody ends tomorrow