മുഖ്യമന്ത്രിയെ തീർക്കാൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീ ട്വന്റി ട്വന്റി പ്രചാരക?? മൂന്നാം വട്ടവും ഇടത് ഭരണം വരുമെന്ന ഭീതിയിൽ കരച്ചിലും ശാപവും ഭീഷണിയും
തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് സെൽറ്റൻ ഡിസൂസ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. അസാധാരണമായി ഒന്നിമില്ലാത്ത ആ പോസ്റ്റിൽ ഒരു കമന്റ് വന്നതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലായി. മുഖ്യമന്ത്രിക്കെതിരെ ഒരു കൊലവിളി കമന്റ് വന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
‘അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും’- എന്നായിരുന്നു കമന്റ്. ടീന ജോസ് എന്ന കന്യാസ്ത്രീയുടെ പ്രൊഫൈലിൽ നിന്നാണ് ഈ കമന്റ് വന്നരിക്കുന്നത്.
ലോക്ക് ചെയ്ത ഫേസ്ബുക് പ്രൊഫൈലിൽ നിന്നാണ് ടീന ജോസ് കമന്റ് ചെയ്തിരിക്കുന്നത്. അഡ്വ. മേരി ട്രീസ പി.ജെ എന്നാണ് ഇവർ നൽകിയിരിക്കുന്ന പേര്. അഭിഭാഷകയെന്നും എറണാകുളം ലോ കോളജിലാണ് പഠിച്ചതെന്നും കൊച്ചിയിലാണ് താമസം എന്നുമൊക്കെ പ്രൊഫൈൽ ഇൻട്രോയിൽ പറയുന്നുണ്ട്.
എന്നാൽ പിന്നീട് സിഎംസി സന്യാസിനി സമൂഹം ടീന ജോസിനെ തള്ളിക്കൊണ്ട് രംഗത്ത് എത്തിയിരുന്നു. ടീന ജോസിന്റെ അംഗത്വം 2009ൽ കാനോനിക നിയമങ്ങൾക്ക് അനുസൃതമായി റദ്ദാക്കിയതാണ്. സന്യാസ വസ്ത്രം ധരിക്കാൻ അനുവാദമില്ലാത്തയാളാണ് ടീന. ടീന ജോസ് ചെയ്യുന്ന കാര്യങ്ങൾ പൂർണ്ണമായും അവരുടെ ഉത്തരവാദിത്തത്തിലാണെന്നും സിഎംസി സമൂഹത്തിന് അതിലൊന്നും ഒരു പങ്കുമില്ലെന്നും പത്രക്കുറിപ്പില് പറയുന്നു.
ടീന ജോസിന്റെ ഈ കൊലവിളി കമന്റിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കെതിരെ ഇങ്ങനെ കൊലവിളി നടത്തിയതിനെതിരെ നടപടി വേണമെന്നാണ് പലരും പറയുന്നത്. കേരള പൊലീസിനെ അടക്കം പലരും കമന്റുകളിൽ ടാഗ് ചെയ്യുന്നുമുണ്ട്.
സാമൂഹ്യമാധ്യമം മുഖേന മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്തതിനെതിരെ ഡിജിപിക്ക് പരാതിയും നല്കിയിട്ടുണ്ട്. സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് പരാതി നൽകിയത്.
എന്നാൽ സോഷ്യൽ മീഡിയയിൽ ഇവരുടെ പേര് സേർച്ച് ചെയ്യുമ്പോൾ ട്വന്റി ട്വന്റി സാബു ജേക്കബിന് അനുകൂലമായി സോഷ്യൽ മീഡിയ വർക്ക് നടത്തുന്നതായിട്ടാണ് കാണുന്നത്.
ട്വന്റി 20യുടെ തുടക്കംമുതൽ സാബു ജേക്കബുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇവർ, അഭിഭാഷകയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രാക്ടീസ് ചെയ്യുന്നില്ല. ട്വന്റി 20ക്കുവേണ്ടി മറ്റു ജില്ലകളിൽ യോഗങ്ങൾ സംഘടിപ്പിക്കുന്നത് ഇവരാണ്. യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെയും കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജിനെയും മോശമായ ഭാഷയിലാണ് ആക്ഷേപിക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പിൽ ട്വന്റി 20ക്കെതിരെ ഉയരുന്ന ജനരോഷമാകാം ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം എന്നും പറയുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് എതിരേയും നേരത്തെയും ഇത്തരം ആഹ്വാനങ്ങളുണ്ടായിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുന്നെയാണ് യുവമോർച്ചയുടെ ഒരു സംസ്ഥാന വനിതാ നേതാവായ അഥിന മുഖ്യമന്ത്രി പിണറായി വിജയൻ പുഴുത്ത് മരിക്കാൻ ശപിച്ചു കൊണ്ട് പ്രസംഗിച്ചത്.
കേരളത്തിലെ കമ്യൂണിസ്റ്റ് ആചാര്യനായിരുന്ന, പ്രധാനമന്ത്രി നെഹ്റു ഉൾപ്പെടെ, രാജ്യത്തിലെ എല്ലാ രാഷ്ട്രീയക്കാരും ബഹുമാനിച്ചിരുന്നു എകെ ഗോപാലൻ എന്ന AKG രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ കിടക്കുമ്പോൾ, കേരളത്തെ ഞെട്ടിച്ച ഒരു മുദ്രാവാക്യം മുഴങ്ങി കേട്ടിരുന്നു.
”കാലൻ വന്ന് വിളിച്ചിട്ടും പോകാത്തതെന്താടോ ഗോപാലാ” എന്നായിരുന്നു ആ മുദ്രാവാക്യം. ഇഎംഎസ് പെട്ടെന്ന് മരിക്കാൻ വേണ്ടി പൂജകളും കർമ്മങ്ങളും നടത്തിയ നാടാണ് നമ്മളുടേത്.
ഇപ്പോൾ ഇടത് വിരുദ്ധർ ഒന്നടങ്കം തിരിഞ്ഞിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെയാണ്.
ഈ ശാപവും പ്രാകലും കൊലപ്പെടുത്താനുള്ള ആഹ്വാനവും ഒക്കെ അദ്ദേഹത്തിനുള്ള ഒരു അംഗീകാരമായിട്ടാണ് തോന്നുന്നത്. കാരണം ജനാധിപത്യപരമായി, തുടർച്ചയായി രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ എതിർക്കുന്ന ആളുകൾക്ക് ഇപ്പോൾ ഭയം ഏറി വരുകയാണ്. മൂന്നാം വട്ടവും വിജയിച്ച് വരുന്ന ഒരു പിണറായി വിജയനെ കാണാനുള്ള ശക്തിയോ മനോധൈര്യമോ അവർക്കില്ല എന്നതാണ് സത്യം. ജനാധിപത്യപരമായി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കഴിയില്ല എന്ന് തോന്നുന്ന ചിലരാണ് ഇത്തരം കരച്ചിലും ശപിക്കലും പ്രാകലുമായി രംഗത്ത് വരുന്നത്.













