12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ എല്ലായിടത്തും ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുകയാണ്. വടക്കന്‍ തമിഴ്നാടിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി നിലവിലുള്ള ചക്രവാതച്ചുഴിയും തമിഴ്നാട് മുതല്‍ മധ്യപ്രദേശ് വരെ നീളുന്ന ന്യൂനമര്‍ദ്ദ പാത്തിയും മൂലം അതിശക്തമായ മഴയാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. തൃശൂര്‍, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. എറണാകുളത്ത് കലൂര്‍, ഇടപ്പള്ളി, സൗത്ത്, കളമശ്ശേരി, മൂവാറ്റുപുഴ തുടങ്ങിയ മേഖലകളില്‍ വെള്ളക്കെട്ടുണ്ടായി. കളമശ്ശേരി ചങ്ങമ്പുഴ നഗറില്‍ പത്തോളം കുടുംബങ്ങളെ ഒഴിപ്പിച്ചു. കൊച്ചിയില്‍ ദുരന്തനിവാരണ സേനയെ നിയോഗിച്ചു.
വടക്കന്‍ കേരളത്തിലും ശക്തമായ മഴയാണുണ്ടായത്. ദേശീയ പാതയില്‍ കോഴിക്കോട്-കണ്ണൂര്‍ ദേശീയപാതയില്‍ 4 മണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു. പൊയില്‍കാവില്‍ മരം വീണതിനെ തുടര്‍ന്നുണ്ടായ ഗതാഗത തടസം മണിക്കൂറുകള്‍ക്ക് ശേഷമാണ് പരിഹരിച്ചത്.