തൃക്കാക്കര നാടകം പുറത്തായി; ചോദ്യം ചെയ്യലിന് പിന്നില്‍ പിണറായിയെന്ന് പി സി ജോര്‍ജ്
ഞായറാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി പോലീസ് നല്കിയ നോട്ടീസില്‍ പ്രതികരിച്ച് പി സി ജോര്‍ജ്. സര്‍ക്കാരിന്റെ തൃക്കാക്കര നാടകം പുറത്തായെന്ന് ജോര്‍ജ് പറഞ്ഞു. ചോദ്യം ചെയ്യല്‍ നാടകത്തിന് പിന്നില്‍ പിണറായി വിജയനാണെന്നും ജോര്‍ജ് പറഞ്ഞു. വിദ്വേഷ പ്രസംഗക്കേസിലെ അറസ്റ്റിലും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും ഞായറാഴ്ച തൃക്കാക്കരയില്‍ മറുപടി നല്‍കുമെന്നായിരുന്നു ജോര്‍ജ് പറഞ്ഞിരുന്നത്.
ജാമ്യം ലഭിച്ച് പൂജപ്പുര ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ജോര്‍ജിന്റെ പ്രതികരണം. പോലീസ് നോട്ടീസ് നല്‍കിയതോടെ തൃക്കാക്കരയിലെത്താന് ജോര്‍ജിന് കഴിയില്ല. അന്വേഷണത്തോട് സഹകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില്‍ പരാമര്‍ശമുള്ളതിനാല്‍ നോട്ടീസ് അവഗണിക്കാന്‍ ജോര്‍ജിന് കഴിയില്ല.
ഞായറാഴ്ച തൃക്കാക്കരയിലെ പരസ്യപ്രചാരണം അവസാനിക്കുകയാണ്. അതുകൊണ്ടുതന്നെ ജോര്‍ജിന് തൃക്കാക്കരയിലെത്തി പരസ്യ പ്രതികരണം നടത്താനാകില്ല. രാവിലെ 11 മണിക്കാണ് ജോര്‍ജ് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകേണ്ടത്. ചോദ്യം ചെയ്യലിന് പുറമേ ശബ്ദപരിശോധനയും നടത്തുമെന്നാണ് സൂചന.
Content Highlights: PC George, Thrikkakkara, By Election, Police