പാലക്കാട് സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ; പരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐയും ബിജെപിയും

ഇന്ന് നിയമസഭയിലെത്തിയതിന് പിന്നാലെ മണ്ഡലത്തിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ശനിയാഴ്ച പാലക്കാട്ടെത്തി പരിപടികളിൽ സജീവമാകാനാണ് ആലോചന.എന്നാൽ പരിപാടികളിൽ പങ്കെടുക്കാൻ രാഹുലിനെ അനുവദിക്കില്ല എന്നാണ് ഡിവൈഎഫ്ഐയുടെയും ബിജെപിയുടെയും നിലപാട്. രാഹുൽ പൊതുപരിപാടികളിൽ സജീവമാകുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിനും എതിർപ്പുണ്ട്.
അതേസമയം പാർട്ടിയെ ധിക്കരിച്ചിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. എന്നും പാർട്ടിക്ക് വിധേയനായാണ് പ്രവർത്തിച്ചത്. പാർട്ടി തീരുമാനങ്ങൾ ലംഘിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. സസ്പെൻഷൻ കാലാവധിയിലുള്ള ഒരു പ്രവർത്തകൻ എങ്ങനെ പെരുമാറണമെന്ന് തനിക്കറിയാം. ആരോപണം വന്ന ദിവസം തന്നെ വിശദമായി മാധ്യമങ്ങളെ കണ്ട ആളാണ് താനെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
രാഷ്ട്രീയ ആകാംഷകള്‍ക്ക് വിരാമമിട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് നിയമസഭയിൽ എത്തിയത്. പ്രതിപക്ഷ നേതാവിന്റെയും കെപിസിസിയുടെയും നിർദേശം തള്ളിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത്. നിയമസഭയിലെ പ്രത്യേക ബ്ലോക്കിലാണ് അദ്ദേഹം ഇരുന്നത്. പ്രതിപക്ഷനിരയിൽ നിന്ന് കുറിപ്പ് ലഭിച്ചതിന് പിന്നാലെ സഭ വിട്ടിറങ്ങിയ രാഹുൽ പിന്നീട് എംഎൽഎ ഹോസ്റ്റലിലേക്ക് പോയി.