ഹാജരാകാമെന്ന് പി സി ജോര്‍ജ്; ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കത്തയച്ചു
പോലീസിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറെന്ന് പി സി ജോര്‍ജ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോര്‍ജ് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കത്തയച്ചു. സ്ഥലവും സമയവും മുന്‍കൂട്ടി അറിയിച്ചാല്‍ ഉപകാരമായിരിക്കുമെന്നും കത്തില്‍ ജോര്‍ജ് പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങള്‍ മൂലവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലായതിനാലുമാണ് ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്നും കത്തില്‍ പറയുന്നു.
ഞായറാഴ്ച രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകണമെന്ന് കാട്ടിയാണ് ജോര്‍ജിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത് അവഗണിച്ചുകൊണ്ട് ജോര്‍ജ് തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണത്തിനെത്തുകയായിരുന്നു. നോട്ടീസ് ആരു മൈന്‍ഡ് ചെയ്യുന്നുവെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.
തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ ഹൈക്കോടതിയാണ് ജോര്‍ജിന് ജാമ്യം നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കണം, ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനാകണം എന്നിങ്ങനെ ജാമ്യ വ്യവസ്ഥകളുണ്ടായിരുന്നു. ഹാജരാകാതിരുന്ന ജോര്‍ജിന്റെ നടപടി ഇവയുടെ ലംഘനമാണെന്ന വിലയിരുത്തലിലാണ് പോലീസ്.
ഈ വിഷയത്തില്‍ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് കാട്ടി ജോര്‍ജിനെതിരെ കോടതിയെ സമീപിക്കാനാണ് പോലീസിന്റെ നീക്കം.
Content Highlights: PC George, Bail, Hate Speech, High Court, Police