കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ വലവീശി എൻഐഎ
കേരളത്തിൽ വ്യാപകമായി പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ പരിശോധന. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് പോപ്പുലർ ഫ്രണ്ടിന്റെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. കേന്ദ്ര സേനയുടെ അകമ്പടിയോടെയായിരുന്നു റെയ്ഡ്.സംസ്ഥാനത്ത് 50 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തുന്നതെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം മണക്കാട്ടുള്ള പോപ്പുലർ ഫ്രണ്ടിന്റെ ജില്ലാ കമ്മിറ്റി ഓഫീസിലും പുലർച്ചെ മുതൽ പരിശോധന നടത്തുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്, എറണാകുളത്ത പോപ്പുലർ ഫ്രണ്ട് വൈസ് പ്രസിഡണ്ട് ഇ എം അബ്ദുൾ റഹ്മാന്റെ വീട്, കോട്ടയം ജില്ല പ്രസിഡന്റ് സൈനുദീന്റെ വീട് എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്. റെയ്ഡിനെതിരെ പലയിടത്തും പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും എത്തിയിട്ടുണ്ട്.പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. എൻഐഎ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ അർധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പ്രതികരിച്ചു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗമായ തൃശൂർ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ എൻഐഎ കസ്റ്റഡിയിലെടുത്തതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇന്ന് പുലർച്ചെ പെരുമ്പിലാവിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.