സിപിഎം കൗണ്‍സിലര്‍ കെ വി ശശികുമാറിനെതിരായ പോക്സോ കേസ്; പോലീസിന്റെ റിപ്പോര്‍ട്ട് തേടുമെന്ന് വനിതാ കമ്മീഷന്
മലപ്പുറം നഗരസഭയിലെ സി പി എം കൗൺസിലർ കെ വി ശശികുമാറിനെതിരായ പോക്സോ കേസിൽ പൊലീസിന്റെ റിപ്പോർട്ട് തേടുമെന്ന് വനിതാ കമ്മീഷൻ. റിപ്പോർട്ട് കിട്ടിയാൽ ഉടൻ തുടർ നടപടികളുമായി മുന്നോട്ട് പോവും. പെരിന്തൽമണ്ണ സെന്റ് ജെമ്മാസ് ഹൈസ്കൂളിലെ പൂർവ വിദ്യാർഥികളുടെ പരാതി വനിതാ കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും വർഷങ്ങളായി പെൺകുട്ടികൾ പീഡനത്തിനിരയായി വരികയായിരുന്നു എന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. ഇത്തരം പരാതികളിൽ എത്രയും പെട്ടന്ന് നടപടികൾ ഉണ്ടാവണമെന്നും അതിന് അനുയോജ്യമായ ഇടപെടൽ കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും പി സതീദേവി പറഞ്ഞു.
മുപ്പത് വർഷത്തിലധികമായി അധ്യാപകനായ ശശികുമാർ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കമ്മീഷന് മുന്നിലെത്തിയ പരാതി. മലപ്പുറം നഗരസഭയിലെ സി പി എം കൗണ്‍സിലറായിരുന്ന ശശികുമാറിനെ ആരോപണം ഉയർന്ന ഉടനെ തന്നെ സ്ഥാനത്ത് നിന്നു മാറ്റിയിരുന്നു.
വിരമിച്ച ശേഷം അധ്യാപക ജീവിതത്തെ കുറിച്ച് പരാമർശിച്ച് ശശികുമാർ ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെയാണ് ആദ്യം പീഡന പരാതി ഉയർന്നു വന്നത്. ഇതിന് പിന്നാലെ നിരവധി പേർ സമാന അനുഭവവുമായി രംഗത്തെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ശശികുമാർ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് വയനാട്ടിലെ മുത്തങ്ങക്ക് സമീപത്തുള്ള ഹോം സ്റ്റേയിൽ നിന്നാണ് ശശികുമാർ പിടിയിലായത്.
സംഭവത്തിൽ കൂടുതൽ പരാതികൾ വന്ന സാഹചര്യത്തിൽ പൊലീസ് ഒന്നിലധികം പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതികളുടെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്. പൊലീസിന് പുറമെ വനിതാ കമ്മീഷനിലും പരാതി ലഭിച്ചിട്ടുണ്ട്.
Content Highlight – Pocso case against CPM councilor KV Sasikumar; The women’s commission said it would seek a police report