വാഗമണ്‍ ഓഫ് റോഡ് ഡ്രൈവ് കേസ്; ജോജു ജോര്‍ജിന് നോട്ടീസ് അയച്ച് പോലീസ്
വാഗമണ്‍ ഓഫ് റോഡ് ഡ്രൈവ് കേസില്‍ ജോജു ജോര്‍ജിന് പോലീസിന്റെ നോട്ടീസ്. റാലിയില്‍ പങ്കെടുത്ത മറ്റ് 16 പേര്‍ക്കും വാഗമണ്‍ പോലീസ് നോട്ടീസ് അയച്ചു. ഓഫ് റോഡ് ഡ്രൈവിന് ഉപയോഗിച്ച വാഹനങ്ങളും അവയുടെ രേഖകളുമായി 15 ദിവസത്തിനുള്ളില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം. ജോജുവുള്പ്പെടെയുള്ളവര്ക്ക് മോട്ടോര്‍ വാഹന വകുപ്പ് നേരത്തേ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ നോട്ടീസ്.
അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് പോലീസ് രജിസ്റ്റര്‍ ചെയ്ത് കേസ്. കെ.എസ്.യു നല്കിയ പരാതിയിലാണ് നടപടി. മോട്ടോര്‍ വാഹന വകുപ്പിനും കെ.എസ്.യു ഇടുക്കി ഘടകമാണ് പരാതി നല്‍കിയത്. കേസില്‍ മെയ് 10ന് മോട്ടോര്‍ വാഹന വകുപ്പ് ജോജുവിന് നോട്ടീസ് അയച്ചിരുന്നു.
വാഗമണ്ണില്‍ നടന്ന ഓഫ് റോഡ് ഡ്രൈവില്‍ ജോജു പങ്കെടുത്തതിന് പിന്നാലെയാണ് കെ.എസ്.യു പരാതിയുമായി രംഗത്തെത്തിയത്. ജോജുവിന്റെ വീഡിയോ വൈറലായിരുന്നു. ഓഫ് റോഡ് ഡ്രൈവ് നടത്താന്‍ അനുവാദമില്ലാത്ത പ്രദേശത്താണ് റാലി നടത്തിയതെന്ന് ആരോപിച്ചായിരുന്നു പരാതി.
Content Highlight: police issues notice against joju george on off road ride case