പി സി ജോര്‍ജിന്റെ തൃക്കാക്കര മറുപടിക്ക് തടയിട്ട് പോലീസ്; ഞായറാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ്
വിദ്വേഷ പ്രസംഗക്കേസിലെ അറസ്റ്റില്‍ തൃക്കാക്കരയില്‍ മറുപടി പറയാനുള്ള പി സി ജോര്‍ജിന്റെ നീക്കത്തിന് തടയിട്ട് പോലീസ്. വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് നോട്ടീസ് നല്കി. രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് നാളെ തൃക്കാക്കരയില്‍ മറുപടി നല്‍കുമെന്നായിരുന്നു ജോര്‍ജ് പറഞ്ഞിരുന്നത്.
ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ശേഷം മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കുന്ന ദിവസമായ ഞായറാഴ്ച അദ്ദേഹത്തെ മണ്ഡലത്തില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്.
തൃക്കാക്കരയില്‍ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പു നാടകമാണ് ഇതോടെ പുറത്തായതെന്ന് പി സി ജോര്‍ജ് പ്രതികരിച്ചു. നോട്ടീസിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും ജോര്‍ജ് ആരോപിച്ചു. അന്വേഷണത്തോട് സഹകരിക്കണമെന്ന ജാമ്യവ്യവസ്ഥ നിലവിലുള്ളതിനാല്‍ ജോര്‍ജിന് പോലീസിന് മുന്നില്‍ ഹാജരാകേണ്ടി വരും.
Content Highlights: P C George, Thrikkakkara, Chief Minister