പി സി ജോര്‍ജ് ഹാജരാകണം; വീണ്ടും നോട്ടീസ് നല്കി പോലീസ്
തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിന് വീണ്ടും നോട്ടീസ്. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ നല്കിയ നോട്ടീസിലെ നിര്‍ദേശം. വെള്ളിയാഴ്ച വൈകിട്ടാണ് ജോര്‍ജിന് നോട്ടീസ് നല്‍കിയത്. പി സി ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരാകും. മെയ് 29-ാം തിയതി ഹാജരാകണമെന്ന് കാട്ടി നല്കിയ നോട്ടീസ് അവഗണിച്ച് ജോര്‍ജ് തൃക്കാക്കരയില്‍ പ്രചാരണത്തിന് എത്തിയിരുന്നു.
ജോര്‍ജിന്റെ നടപടി ജാമ്യ വ്യവസ്ഥകളുടെ ലംഘനമായതിനാല്‍ ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പോലീസ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ കോടതിയെ സമീപിക്കേണ്ടതില്ലെന്നായിരുന്നു നിയമോപദേശം. ഇതനുസരിച്ചാണ് ജോര്‍ജിന് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനാകണമെന്നും ഉള്‍പ്പെടെയുള്ള ജാമ്യ വ്യവസ്ഥകളാണ് ജോര്‍ജ് ലംഘിച്ചത്.
എന്നാല്‍ ഇവ കോടതിയില്‍ ചൂണ്ടിക്കാട്ടിയാല്‍ പി സി ജോര്‍ജ് ഉന്നയിക്കാനിടയുള്ള എതിര്‍വാദങ്ങള്‍ കണക്കിലെടുത്താണ് നിയമോപദേശം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ദിവസമായിരുന്നു ജോര്‍ജ് ഹാജരാകണമെന്ന് പോലീസ് നോട്ടീസ് നല്‍കിയത്. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം തടയുന്നതിനായാണ് ഈ ദിവസം തന്നെ ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചതെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെും ജോര്‍ജ് വാദിക്കുമെന്ന നിഗമനത്തിലാണ് കോടതിയെ സമീപിക്കുന്നതില്‍ നിന്ന് പോലീസ് പിന്മാറിയത്.
Content Highlight: PC George, Kerala Police, Interrogation, Kerala Politics