നെഹ്റു ട്രോഫി വള്ളം കളി; യോഗത്തില് ശ്രീറാം വെങ്കിട്ടരാമന്; ബഹിഷ്കരിച്ച് പ്രതിപക്ഷം
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആലപ്പുഴ കലക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ ജില്ലയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തം. ഇതിനിടെ നെഹ്റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാൻ ശ്രീറാം വെങ്കിട്ടരാമനെത്തി. . നെഹ്റു ട്രോഫി വള്ളംകളിയുടെ ചെയർമാനാണ് ശ്രീറാം വെങ്കിട്ടരാമൻ. ആലപ്പുഴ കളക്ടറായി ചുമതല ഏറ്റതിന് ശേഷം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇത്. പരസ്യപ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷം പരിപാടിയിൽ നിന്ന് വിട്ടു നിന്നു.
സെപ്റ്റംബർ നാലിനാണ് നെഹ്റു ട്രോഫി വള്ളം കളി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടുള്ള ജനറൽബോഡി, എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഇന്ന് ചേർന്നത്. യോഗത്തിന്റെ ആദ്യഭാഗത്ത് ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തിരുന്നില്ല. 2019ലെ നെഹ്റു ട്രോഫിയുടെ ബജറ്റ് അടക്കമുള്ളവ പാസായതിന് ശേഷമാണ് വെങ്കിട്ടരാമൻ യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്.
എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച് സലാം അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റേയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. യോഗത്തിൽ കാര്യമായ പ്രതിഷേധമോ മറ്റു കാര്യങ്ങളോ ഉണ്ടായിരുന്നില്ല. എന്നാൽ രാവിലെ മുതൽ തന്നെ ആലപ്പുഴയിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു.
യോഗം അടിയന്തരമായി വിളിച്ചതിൽ പോലും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് മുൻ ഡി.സി.സി. പ്രസിഡന്റ് എ.എ. ഷുക്കൂർ പറഞ്ഞു. മുസ്ലിം ലീഗിന്റെ ധർണ രാവിലെ ജില്ലാ കലക്ട്രേറ്റിന്റെ മുമ്പിൽ നടന്നു. മാധ്യപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടർക്കെതിരെ വരുംദിവസങ്ങളിൽ ശക്തമായ സമരം തന്നെ തുടരുമെന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കുന്നത്.
Content Highlights – Protest against Alappuzha Collector Sriram Venkataraman