കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; തീരപ്രദേശത്ത് ബുധനാഴ്ച്ച വരെ ശക്തമായ കാറ്റിനും സാധ്യത
കേരളത്തില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD – GFS മോഡല്‍ പ്രകാരം വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത യൂറോപ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ECMWFന്റെ കാലാവസ്ഥ മോഡല്‍ പ്രവചിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇന്നും 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്.
തെക്കന്‍ ഒഡീഷക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദ പാത്തിയും തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയും കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണമാകും. അടുത്ത അഞ്ചു ദിവസംകൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ബുധനാഴ്ച്ച വരെ ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ മുന്നറിയിപ്പുള്ള തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനും പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ടെന്നാണ് പ്രവചനം.
Content Highlight: Rain Forecast, Kerala Rains, Weather, Yellow Alert