യുവനടിയെ ബലാത്സംഗം ചെയ്ത കേസ്; സത്യം ജയിക്കുമെന്ന് വിജയ് ബാബു
യുവനടിയെ ബലാത്സംഗംചെയ്ത കേസിലെ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. കഴിഞ്ഞ ജൂണ്‍ 27-ാം തീയതി ആരംഭിച്ച ചോദ്യം ചെയ്യലാണ് ഇന്ന് അവസാനിച്ചത്. തനിക്കെതിരായ പീഡന പരാതിയില്‍ സത്യം ജയിക്കും. അന്വേഷണ ഉദ്യോഗസ്ഥരോടും കോടതിയോടുമല്ലാതെ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ സിനിമകള്‍ പകരം സംസാരിക്കുമെന്നും വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥരുമായി പൂര്‍ണ്ണമായും സത്യസന്ധമായും സഹകരിച്ചെന്നും, എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളും കൈമാറിയതായും വിജയ് ബാബു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കൂടാതെ കഴിഞ്ഞ 70 ദിവസമായി തന്നെ ജീവനോടെ നിലനിര്‍ത്തുന്ന ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്നു.
ജൂണ്‍ 22-ാം തീയതിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ച് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 5 ലക്ഷം രൂപയുടെ ബോണ്ടും കര്‍ശന ഉപാധികളോടു കൂടിയുമാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. രാവിലെ 9 മുതല്‍ വൈകീട്ട് 6 മണി വരെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്.
അതേ സമയം കൊച്ചിയിലെ ഫ്ളാറ്റില്‍ വിജയ് ബാബുവിനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊച്ചി സൗത്ത് പൊലീസാണ് വെള്ളിയാഴ്ച്ച വൈകീട്ടോടെ വിജയ് ബാബുവിനെ തെളിവെടുപ്പിനായി കൊണ്ടു പോയത്. ഫ്ളാറ്റില്‍ വച്ചാണ് വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവനടി പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിജയ് ബാബുവിനെ മറൈന്‍ ഡ്രൈവിവിലെയും, കടവന്ത്രയിലെയും ഫ്ളാറ്റുകളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയത്.
ഏപ്രില്‍ 22നാണ് യുവനടി വിജയ് ബാബുവിനെതിരെ പരാതി നല്‍കിയത്. പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പരാതിക്കാരുടെ പേര് പ്രതി വെളിപ്പെടുത്തിയതോടെ വിജയ് ബാബുവിനെതിരെ രണ്ടാമതും കേസെടുത്തു.
Content Highlights – Vijay Babu, Rape case of young actress, Interrogation is over