റിസ്വാനയുടെ മരണം, അന്വേഷണം ക്രൈംബ്രാഞ്ചിന്
വടകര അഴിയൂരിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ദുരൂഹ മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഇരുപത്തിയൊന്ന് വയസ്സുള്ള റിസ്വാനയെയാണ് ഈ മാസം ആദ്യമാണ് ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണത്തിന്റെ ചുമതല.മകളുടെ മരണത്തിൽ ദുരൂഹതയുണ്ട് എന്ന് റിസ്വാനയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ആർ ഹരിദാസിനാണ് അന്വേഷണത്തിന്റെ ചുമതല.
അഴിയൂർ സ്വദേശിയായ റിസ്വാന കൈനാട്ടിയിലെ ഭർത്താവിന്റെ വീട്ടിൽ വെച്ചാണ് മരിച്ചത്. വീട്ടിലെ അലമാറയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മരണ വിവരം ഭർത്താവിന്റെ വീട്ടുകാർ അറിക്കാതിരുന്നതിൽ അന്നേ റിസ്വാനയുടെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. നാട്ടുകാരാണ് മരണവിവരം റിസ്വാനയുടെ വീട്ടിൽ അറിയിക്കുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയപ്പോഴും ഭർത്താവിന്റെ വീട്ടിൽ നിന്ന് ആരും അവിടേക്ക് എത്തിയിരുന്നില്ല.
രണ്ട് വർഷം മുൻപാണ് റിസ്വാന വിവാഹിതയായത്. ഭർത്താവിന്റെ വീട്ടിൽ മകൾ നിരന്തരം പീഡനത്തിന് ഇരയായിരുന്നുവെന്ന് റിസ്വാനയുടെ ബാപ്പ റഫീഖ് പരാതി ഉന്നയിച്ചു. ഭർത്താവിന്റെ വീട്ടിലെ പീഡനത്തെ കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നുവെന്നും ഇവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. റിസ്വാനയുടെ ഭർത്താവായിരുന്ന ഷംനാസും ഇയാളുടെ വീട്ടുകാരും നിരന്തരം ദ്രോഹിച്ചിരുന്നുവെന്ന് മകൾ പരാതി പറഞ്ഞിരുന്ന കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്.
മരിച്ച വിവരം ബന്ധുക്കളെ കൃത്യമായി അറിയിക്കുന്നതിലും മൃതദേഹം ആശുപത്രിയിൽ എത്തിക്കുന്നതിൽ കാലതാമസമുണ്ടായി എന്ന ബന്ധുക്കളുടെ പരാതിയും വിശദമായി അന്വേഷിക്കുന്നുണ്ട്. തൂങ്ങി മരിച്ചതാണെന്ന വിവരണം ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞുള്ള അറിവ് മാത്രമാണെന്നും ഇക്കാര്യം കണ്ട ആളുകൾ ആരും ഇല്ലെന്നതും സംശയത്തിന് വഴിവെക്കുന്നു എന്നും പരാതിയിൽ പറയുന്നു.
Content Highlight – Rizwana’s death, investigation to Crime Branch