നിഖിൽ തോമസിനെതിരെ കേസ് രജിസ്റ്റർ ചെയ്യണം :പോലീസ് മേധാവിയ്ക്ക് പരാതി നൽകി.ആർ വൈ എഫ്
തിരുവനന്തപുരം :കായംകുളം എം എസ് എം കോളേജിൽ ബി.കോം പരാജയപ്പെട്ട എസ് എഫ് ഐ നേതാവ് നിഖിൽ തോമസ് എം.കോം അഡ്മിഷനുവേണ്ടി കലിംഗ യൂണിവേഴ്സ്റ്റിയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി കോളേജിനെയും കേരള യൂണിവേഴ്സിറ്റിയെയും വഞ്ചിച്ചതിനെയും വ്യാജ രേഖ ചമച്ചതിനെയും പി ജി അഡ്മിഷനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ചും എഫ് ഐ ആർ രജിസ്റ്റർ ചെയ്തു വിശദഅന്വേഷണത്തിന് ഉത്തരവിടാൻ സംസ്ഥാന പോലീസ് മേധാവിയ്ക്ക് ആർ വൈ എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ രേഖാമൂലം പരാതി നൽകി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും യൂണിവേഴ്സിറ്റി നിയമങ്ങളുടെയും അടിസ്ഥാനത്തിൽ പ്രഥമദൃഷ്ട്യാ കേസ് രജിസ്റ്റർ ചെയ്യാൻ സാധിയ്ക്കും. ക്രിമിനൽ നിയമ നടപടികൾക്ക് എം.എസ് എം കോളേജോ കേരള യൂണിവേഴ്സിറ്റിയോ തെളിവുകൾ ഉണ്ടായിട്ടും നിലവിൽ പരാതി ബോധിപ്പിയ്ക്കാത്ത സാഹചര്യത്തിലാണ് ആർ വൈ എഫ് പോലീസ് മേധാവിയ്ക്ക് പരാതി ബോധിപ്പിച്ചത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വ്യാജമാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റുകളും പ്രവർത്തി പരിചയ രേഖകളും നൽകുന്ന മാഫിയകൾക്ക് പിന്നിലുള്ള എസ് എഫ് ഐ ഉന്നത നേതൃത്വത്തിന്റെ പങ്കിനെ സംബന്ധിച്ചും അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളിയെ സുരക്ഷിതമായി ഒളിവിലാക്കുന്നതുവരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതിരിക്കാനാണ് പോലീസ് നിഷ്ക്രീയമായി നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .