ആർത്തി മൂത്ത സർക്കാർ ജീവനക്കാരന് നഷ്ടമായത് 50 ലക്ഷം രൂപ; ഒട്ടേറെ ആളുകളെ പറ്റിച്ച് മുന്നേറുന്ന ഇറിഡിയം തട്ടിപ്പ് സംഘം
നമ്മുടെ നാട്ടിൽ നടന്ന ആട് തേക്ക് മാഞ്ചിയം മണിചെയിൻ തട്ടിപ്പുകൾ പോലെ ഒരുപാട് പണം നഷ്ടമാക്കിയ ഒന്നാണ് ഇറിഡിയം തട്ടിപ്പും. ഏറ്റവും പുതിയതായി ഇറിഡിയം തട്ടിപ്പിന് ഇരയായ ആളുകളിൽ ഒരു കേന്ദ്രസർക്കാർ ജീവനക്കാരനും ഉണ്ട്. 50 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്. ഹരിപ്പാട് വീയപുരം സ്വദേശി സജി ഔസേഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം വാങ്ങിയത്. ഇതിനെതിരേ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. ഇറിഡിയം വിൽപ്പനയുടെ പങ്കിനൊപ്പം ചെന്നൈയിൽ ഫ്ലാറ്റും നൽകുമെന്നു മോഹിപ്പിച്ചപ്പോഴാണ് വീടു പണിയാനായി സൂക്ഷിച്ച് വെച്ചിരുന്ന 50 ലക്ഷം രൂപ കൊല്ലം സ്വദേശിയായ കേന്ദ്രജീവനക്കാരൻ ഈ തട്ടിപ്പുകാർക്കു കൊടുത്തത്.
സജി ഔസേഫ് പലരുടെയും കയ്യിൽ നിന്നും വലിയ തുകകൾ പറ്റിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിനിയായ പ്രവാസിയുടെ കയ്യിൽ നിന്ന് 17 ലക്ഷം രൂപ സജി ഔസേഫ് വാങ്ങിയതായി പരാതി ഉണ്ട്. ഇവരും വീടുനിർമാണത്തിനായി വെച്ചിരുന്ന പണമാണ്. കരുനാഗപ്പള്ളിയിലെ വീട്ടമ്മയുടെ 15 ലക്ഷം രൂപയും സജി ഔസേഫ് തട്ടിയെടുത്തിട്ടുണ്ട്.
തട്ടിപ്പിനിരയായ 12 പേർ കോട്ടയം സ്വദേശിനിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. എരുമേലി, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കുമരകം, കണ്ണൂർ എന്നിവിടങ്ങളിലെ ഇരുന്നൂറോളം പേർ തട്ടിപ്പിന് ഇരയായി എന്നാണ് കോട്ടയത്തെ പ്രവാസി വനിത പറയുന്നത്. എരുമേലി സ്വദേശിയായ ഒരാളുടെ 50 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. അദ്ദേഹത്തിനു പക്ഷാഘാതം വന്നു. എങ്കിലും പോലീസ് വിളിച്ചാൽ എല്ലാതെളിവുകളും നൽകാനെത്തുമെന്നും അദ്ദേഹം പറയുന്നു.
തട്ടിപ്പുകാരുടെ കൈവശമുണ്ടായിരുന്ന ഇറിഡിയം വിറ്റതിനെത്തുടർന്ന് 96,000 കോടി രൂപ ചെന്നൈ സ്വദേശി രാജമാണിക്യം എന്നയാളുടെ അക്കൗണ്ടിൽ ഉണ്ടെന്നും, അതുകിട്ടാൻ സർക്കാരിലേക്കും മറ്റും 15,000 കോടിയിലധികം രൂപ അടയ്ക്കണമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ പണം വാങ്ങിയത്. ഇതിനായി റിസർവ് ബാങ്കിന്റെ വ്യാജ രേഖകളും വിട്ട ഇറിഡിയത്തിന്റെ ചിത്രവുമെല്ലാം പണം കൊടുത്തവരെ കാണിച്ചിരുന്നു.
10 കോടി രൂപയുടെ ചെക്കും പത്തു കിലോ സ്വർണവും നൽകുമെന്നു വിശ്വസിപ്പിച്ച് ദുബായിലെ യോഗത്തിനും കുറേപ്പേരെ കൊണ്ടുപോയിരുന്നു. വിമാന യാത്രാക്കൂലിക്കും മറ്റുമായി ഒന്നേകാൽ ലക്ഷം രൂപ വീതവും ഇവരിൽ നിന്നും പിരിച്ചെടുത്തു. പണം നഷ്ടപ്പെട്ട ഒട്ടേറെപ്പേർ നാണക്കേടോർത്ത് മിണ്ടാതിരിക്കുകയാണെന്ന് പരാതി നൽകിയവർ പറയുന്നുണ്ട്.
വർഷങ്ങൾക്ക് മുന്നേ മലയാളികള്‍ കേട്ട് പരിചയിച്ച വാക്കാണ് റൈസ് പുള്ളര്‍. തട്ടിപ്പുകാരുടെ ഇഷ്ടവസ്തുവാണ് മലയാളികള്‍ റൈസ് പുള്ളര്‍ എന്നു വിളിക്കുന്ന ഇറിഡിയം എന്ന ലോഹം.
ഇറിഡിയം ആദ്യമായി കണ്ടുപിടിച്ചത് സ്മിത്ത് സണ്‍ ടെനന്റ് എന്ന ശാസ്ത്രജ്ഞനാണെങ്കിലും, അത് വേര്‍തിരിച്ചെടുത്തത് കാള്‍ ക്ലാസ് എന്ന വ്യക്തിയാണ്. ഇത് വേര്‍തിരിക്കാനുള്ള ശാസ്ത്രീയ മാര്‍ഗം കണ്ടുപിടിച്ചതും കാള്‍ ക്ലാസ് ആണ്.
പ്രകൃതിയിലെ ഏറ്റവും സാന്ദ്രത കൂടിയ രണ്ടാമത്തെ മൂലകമാണ് ഇറിഡിയം. പ്ലാറ്റിനം കുടുംബത്തില്‍പ്പെട്ട ഇതിന് തേയ്മാനമോ ദ്രവിക്കലോ ഒരിക്കലും സംഭവിക്കില്ല. പ്രകൃതിയില്‍ വളരെ ചുരുക്കമായി മാത്രമേ ഇത് കാണാനാകൂ. പലപ്പോളായി ഭൂമിയില്‍ ഇടിച്ചിറങ്ങിയ ഉള്‍ക്കകളിലും മറ്റും ഇറിഡിയം കണ്ടെത്തിയിട്ടുണ്ട്.
നമ്മുടെ ക്ഷേത്രങ്ങളിൽ താഴികക്കുടം ഉണ്ടാക്കുന്നത് ചെമ്പു കൊണ്ടാണ്. ഇറിഡിയം ചെമ്പും നിക്കലും ഖനനം ചെയ്യുമ്പോ കിട്ടുന്ന ഒരു ബൈ പ്രോഡക്റ്റ് കൂടിയാണ്. ചെമ്പു താഴികക്കുടം ക്ഷേത്രത്തിന്റെ ഇടിമിന്നല്‍ ചാലകം ആയിട്ടാണ് ഉപയോഗിക്കുന്നത്. പല തവണ ഇടിമിന്നല്‍ ഏറ്റ്, കൂടിയ തോതിലെ വൈദ്യുത താപം കടന്നു പോകുമ്പോൾ ചെമ്പിന്റെ തനതായ സ്വഭാവത്തില്‍ മാറ്റം വരുകയും, ഇറിഡിയത്തിന്റെ സ്വഭാവം വരുകയും ചെയ്യും. ഇതിന്റെ പേരിൽ ഏറെ പഴക്കമുള്ള ക്ഷേത്രങ്ങളിൽ മോഷണശ്രമവും നടന്നിട്ടുണ്ട്.
ഇറിഡിയം ഉൽപ്പാദനം എന്നത് ഒരു വര്‍ഷം മൂന്നു ടണ്ണില്‍ കുറവ് മാത്രമാണ്. ഉല്‍പ്പാദനത്തിലുള്ള ഈ കുറവ് ആണ് ഇറിഡിയത്തിനെ മാര്‍ക്കറ്റില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആക്കുന്നത്. വിമാന എഞ്ചിനുകളിലെ ഒരു കംപോണന്റ് ആയും, സാറ്റലൈറ്റുകളിലും, സ്പാര്ക് പ്ളഗ് ഉണ്ടാക്കാനും ഇറിഡിയം ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ശുദ്ധത അനുസരിച്ച് ഒരു ഗ്രാമിന് ഒരു ലക്ഷം വരെ വിലയുമുണ്ട്. ഈ ഡിമാന്‍ഡ് മുതലെടുക്കുന്നവരാണ് തട്ടിപ്പുമായി നിങ്ങളുടെ മുന്നിലേക്ക് വരുന്നത്.













