പതിറ്റാണ്ടുകളായി ലൈംഗിക ചൂഷണം; കെ വി ശശികുമാറിനെതിരെ തുറന്നടിച്ച് അഡ്വ. ബീന
മലപ്പുറം സി.പി.എം കൗണ്‍സിലറും അധ്യാപകനുമായിരുന്ന കെ വി ശശികുമാറിനെതിരെ ഗുരുതര പീഢനപരാതിയുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. പരാതിയെ തുടര്‍ന്ന് മലപ്പുറം വനിതാ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്.
സെന്റ് തോമസ് ഗേള്‍സ് സ്കൂളില്‍ 30 വര്‍ഷമായി അധ്യാപകനായിരുന്ന ശശികുമാര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് വിരമിച്ചത്. തന്റെ അധ്യാപന ജീവിതത്തെ കുറിച്ച് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിനു താഴെ അധ്യാപകനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി ഒരു പൂര്‍വ വിദ്യാര്‍ഥിനി കമന്റിട്ടിരുന്നു. തുടര്‍ന്നാണ് ഇത്രയും നാള് മൂടിവെയ്ക്കപ്പെട്ട സത്യം മറനീക്കി പുറത്ത് വന്നത്.
ഇപ്പോള്‍ മലപ്പുറം സെന്റ് തോമസ് ഗേള്‍സ് സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അഡ്വ. ബീന, മിനി എന്നിവര്‍ കെവി ശശികുമാറിനെതിരെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇയാള്‍ കുട്ടികളെ വളരെ മൃഗീയമായ രീതിയില്‍ ലൈംഗികമായി ചൂഷണം നടത്തിയതായും ക്ലാസുകളില്‍ ലൈംഗിക ചുവയുള്ള സംസാരം കഥയായി പറയുന്നുതായും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയതായി വ്യക്തമാക്കുന്നു. ശശികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിനു ശേഷമാണ് വിദ്യാര്‍ത്ഥികള്‍ പരാതിയുമായി മുന്നോട്ട് വരാനുള്ള ധൈര്യം കാണിച്ചന്നും ഇവര്‍ പറയുന്നു.
മലപ്പുറം സെന്റ് തോമസ് ഗേള്‍സ് സ്കൂളില്‍ പരാതികള്‍ ചെന്നാല്‍ ഉടന്‍ പരിഹാരം കാണുന്നതാണ് എന്നാല്‍ ഇത്തരത്തില്‍ ഗുരുതരമായ ലൈംഗിക ആരോപണം ഉണ്ടായിട്ടും കെവി ശശികുമാറിനെതിരെ ഒരു നടപടികളും സ്വീകരിച്ചിരുന്നില്ല.
കെവി ശശികുമാര്‍ കുട്ടികളോട് ലൈംഗികാസക്തിയുള്ള ആളാണെന്ന് തുറന്നു പറയുകയാണ് ഇതേ സ്കൂളിലെ മുന്‍ വിദ്യാര്‍ത്ഥിനിയും അഡ്വക്കേറ്റുമായ ബീന. ഇയാളുടെ പ്രവൃത്തി ഒരു വിദ്യാര്‍ത്ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ചതായും ഇവര്‍ പറയുന്നു. സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. മാത്രമല്ല അധാ്യാപകര് ഈ വിഷയത്തെ നിസാരവത്കരിച്ചതായും ഇവര്‍ വിമര്‍ശനമുയര്‍ത്തുന്നു. ചെറിയ പ്രായത്തില്‍ തന്നെ നേരിടേണ്ടി വരുന്ന ഇത്തരം അനുഭവങ്ങള്‍ അവരുടെ ജീവിത്തെ മോശമായി ബാധിക്കുമെന്നും ഇനി ഇതുപോലൊരു ശശികുമാര്‍ ഉണ്ടാവാന്‍ പാടില്ലെന്നും അവര്‍ വ്യക്തമാക്കി.
ഇത് പോലുള്ള പരാതികള്‍ വരുമ്പോള്‍ എല്ലാവരും ഇരയെ മാത്രം കേന്ദ്രീകരിക്കും അതിനാല്‍
പലരും ഇത്തരം അനുഭവങ്ങള്‍ തുറന്നു പറയാതിരിക്കും. ഇപ്പോള്‍ കുറച്ചെങ്കിലും കുട്ടികള്‍ പരാതികള്‍ പറയാന്‍ തയ്യാറാവുന്നുണ്ടെന്നും അഡ്വ. ബീന പറയുന്നു.
ശശികുമാറിനെതിരെ പരാതിയുമായി ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ രംഗത്ത് വരുന്നതായി അവര്‍ പറയുന്നു. പലരും പോലീസിനു മൊഴികള്‍ നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ പൊലീസ് എല്ലാ വിധ നിയമസഹായവും നല്‍കുന്നുണ്ടെന്നും ഇവര്‍ മാധ്യമങ്ങളോട് അറിയിച്ചു.
Content Highlight – Sexual exploitation for decades