രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി
വയനാട് എം പി രാഹുല്‍ ഗാന്ധി ഈ മാസം 30, ജൂലൈ 1, 2 തീയതികളില്‍ മണ്ഡലത്തില്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. വയനാട്ടില്‍ എത്തുന്ന രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡി സി സി വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ കല്പറ്റ, കൈനാട്ടിയിലെ എം പി ഓഫീസിന് നേര്‍ക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്.
ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ല എന്ന് ആരോപിച്ചായിരുന്നു എസ് എഫ് ഐയുടെ മാര്‍ച്ച് . പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. സംഭവത്തില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് കല്‍പ്പറ്റ, മേപ്പാടി സ്റ്റേഷനുകളിലെ പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
ഓഫീസ് അക്രമിച്ചതില്‍ അതൃപ്തി അറിയിച്ച് സംസ്ഥാനമാകെ കോണ്‍ഗ്രസ് പ്രതിഷേധം വ്യാപകമാക്കിയിട്ടുണ്ട്. കല്പറ്റയില് ഇന്ന് യുഡിഎഫ് പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസിനെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
Content Highlights – Rahul Gandhi Visting Kerala, SFI activists attacked MP’s office