രാഹുല്ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച് എസ് എഫ് ഐ പ്രവർത്തകർ
വയനാട്ടില് രാഹുല് ഗാന്ധി എം പിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ നടത്തിയ മാര്ച്ചില് സംഘര്ഷം. ബഫര്സോണ് വിഷയത്തില് രാഹുല് ഗാന്ധിയുടെ ഇടപെടല് ആവശ്യപെട്ടായിരുന്നു മാർച്ച്. കല്പറ്റ കൈനാട്ടിയിലെ എം പി ഓഫീസിലേക്ക് നടത്തിയ മാര്ച്ചാണ് അക്രമാസക്തമായത്.
ഓഫീസിനകത്തേക്ക് കയറി ജീവനക്കാരെ മര്ദിക്കുകയും കസേരകള് തല്ലിതകര്ക്കുകയും ചെയ്തു. ജീവനക്കാര് മാത്രം അകത്തുള്ളപ്പോള് പ്രവര്ത്തകര് അകത്ത് കയറി ആക്രമിക്കുകയായിരുന്നു. ദേശീയ പാതയില് പൊലീസും പ്രവര്ത്തകരും തമ്മിലുണ്ടായ തർക്കം കയ്യേറ്റത്തിലെത്തി. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബഫര് സോണ് വിഷയത്തില് രാഹുല് ഗാന്ധി എം പി കേന്ദ്രസര്ക്കാരില് സമ്മര്ദം ചെലുത്തിന്നില്ല എന്ന് ആരോപണമുന്നയിച്ചാണ് പ്രവര്ത്തകര് മാര്ച്ച് നടത്തിയത്.
എസ് എഫ് ഐ പ്രവര്ത്തകരുടേത് ഗുണ്ടായിസമാണെന്ന് കോണ്ഗ്രസ് നേതാവ് ടി സിദ്ദിഖ് എം എൽ എ ആരോപിച്ചു. അക്രമം ആസൂത്രിതമാണ്. സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ അവസ്ഥയെന്തെന്ന് മുഖ്യമന്ത്രി അന്വേഷിക്കച്ചിട്ട് ഇക്കാര്യത്തിൽ മറുപടി പറയണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.
എസ്എഫ്ഐ ആക്രമണത്തില് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. പ്രവര്ത്തകര് ദേശീയപാത ഉപരോധിക്കുകയാണ്. രാഹുല്ഗാന്ധിക്കെതിരെ മോദി നടത്തുന്ന നീക്കം ഇപ്പോൾ പിണറായി വിജയന് ഏറ്റെടുത്തുവെന്ന് കോണ്ഗ്രസ് നേതാവ് കെ സി വേണുഗോപാല് പറഞ്ഞു. മോദി നിറുത്തിയേടത്ത് നിന്ന് പിണറായി തുടങ്ങുകയാണ്. പൊലീസിന്റെ പിൻബലത്തിൽ എസ് എഫ് ഐ നടത്തുന്ന അതിക്രമത്തിന് മറുപടി പറയേണ്ടത് മുഖ്യമന്തിയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
Content Highlights – SFI activists attacked Rahul Gandhi’s office in Wayanad