രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണോ?? മുകേഷും ഗണേഷും ശശീന്ദ്രനും പി ജെ ജോസഫും ചെയ്യാത്ത കാര്യം രാഹുലും ചെയ്യില്ല

ഗുരുതരമായ ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ്സ് സസ്പെൻഡു ചെയ്തപ്പോൾ, അതിന്റെ സമ്മർദ്ദം സിപിഎമ്മിലേക്കും എത്തുന്നുണ്ട്. സിപിഎം എംഎൽഎമാർക്കെതിരേ ആരോപണങ്ങൾ ഉയർന്നപ്പോഴൊന്നും ഇത്രയും കടുപ്പത്തിലൊരു നടപടി പാർട്ടി സ്വീകരിച്ചിരുന്നില്ല. മറ്റെതേങ്കിലും പാർട്ടികൾ ഇങ്ങനെയൊരു നടപടിയെടുത്തിട്ടുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോടു ചോദിച്ചതും ഇതൊക്കെ കണ്ടികൊണ്ടായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് എം. മുകേഷ് എംഎൽഎയ്ക്കെതിരേ ആരോപണങ്ങൾ ഉയർന്നത്. അവസാനമായി സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ലൈംഗികാരോപണം മുകേഷിന്റെ മേലുള്ളതാണ്. മുകേഷിനെതിരേ കേസും അറസ്റ്റുമൊക്കെ ഉണ്ടാവുകയും സിപിഐ നേതാക്കൾ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ഒക്കെ ചെയ്തെങ്കിലും സിപിഎം നടപടി ഒന്നും എടുത്തിരുന്നില്ല. രാജിവെച്ചശേഷം ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ എംഎൽഎ പദവിയിൽ തിരിച്ചെത്തിക്കാനുള്ള അവസരമില്ലെന്നായിരുന്നു ഇതിനെ ന്യായീകരിച്ച് കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്.
നേരത്തെ ഒന്നാം പിണറായി സർക്കാറിന്റെ സമയത്ത് മാന്തി എ.കെ. ശശീന്ദ്രനെതിരേ ആരോപണം വന്നപ്പോൾ മന്ത്രിസഭയിൽനിന്നു മാറ്റിയതല്ലാതെ, എംഎൽഎസ്ഥാനം രാജിവെച്ചിരുന്നില്ല. പിന്നീട് അദ്ദേഹം മന്ത്രിയാവുകയും ചെയ്തു. ശശീന്ദ്രന്റെ വിഷയത്തിൽ അദ്ദേഹം മുന്നണിയിലെ മറ്റൊരു പാർട്ടിയിലെ നേതാവാണെന്ന് സിപിഎമ്മിനു പറഞ്ഞു നിൽക്കാവുന്നതാണ്. എന്നാൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടേ എന്ന പേരിൽ ശബ്ദരേഖ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചപ്പോഴും സിപിഎം ഒരു നടപടിക്കും മുതിർന്നില്ല. ഇപ്പോഴത്തെ ആരോപണങ്ങളിൽ രാഹുലിന്റെ രാജി സിപിഎം ശക്തമായി ആവശ്യപ്പെട്ടാൽ, സ്വന്തം എംഎൽഎമാർക്കെതിരേ എന്തുനടപടി സ്വീകരിച്ചെന്ന ചോദ്യം നേരിടേണ്ടി വരും.
മന്ത്രിയായിരിക്കെ ഇത്തരം ആരോപണങ്ങള്‍ക്കു വിധേയരായ പി.ജെ ജോസഫ്, നീലലോഹിതദാസന്‍ നാടാര്‍, ജോസ് തെറ്റയില്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.ബി ഗണേഷ്കുമാര് എന്നിവര്‍ മന്ത്രിസ്ഥാനം മാത്രമാണ് രാജി വച്ചത്. എം.എല്‍.എയായി തുടര്‍ന്നു കൊണ്ടാണ് അവരെല്ലാം കേസിനെ നേരിട്ടത്. ആരോപിക്കപ്പെട്ടയാള്‍ നിയമസഭാംഗത്വം രാജി വച്ചാല്‍ പിന്നീട് നിരപരാധിയാണെന്ന സാഹചര്യം വന്നാല്‍ അവരെ തിരിച്ചെടുക്കുന്നതിനുള്ള നിയമസംവിധാനമില്ല. അതു ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എ സ്ഥാനം തുടരാന്‍ പാര്‍ട്ടി നേതൃത്വവും അനുവദിക്കുന്നത്.
സംസ്ഥാന രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്, പീതാംബരക്കുറുപ്പ്, ശശി തരൂര്‍ എന്നിവരുടെയെല്ലാം പേരില്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും ഇവരാരും എം.എല്‍.എ സ്ഥാനം രാജിവച്ചിട്ടില്ല.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ ചെന്നൈ- കൊച്ചി വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീയോട് മോശമായി പെരുമാറിയെന്നതായിരുന്നു പി.ജെ. ജോസഫിനെതിരായ ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് പോലീസ് പി.ജെ. ജോസഫിനെതിരെ സ്ത്രീ പീഡനകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മന്ത്രിസ്ഥാനം രാജി വച്ച് കുറ്റവിമുക്തനായ ജോസഫ് അധികാരത്തില്‍ തിരികെയെത്തുകയും ചെയ്തു.
ഗതാഗതമന്ത്രിയായിരിക്കുമ്പോഴാണ് നീലലോഹിതദാസന്‍ നാടാര്‍ വിവാദത്തില്‍പ്പെടുന്നത്. ഗതാഗത സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നതായിരുന്നു നാടാറിനെതിരായ ആരോപണം. മൂന്നുമാസം തടവും പിഴയും ചുമത്തിയെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കുകയായിരുന്നു.
അങ്കമാലി മഞ്ഞപ്ര സ്വദേശിയായ യുവതിയാണ് ജോസ് തെറ്റയിലിനും മകന് തോമസിനുമെതിരെ പോലീസില്‍ പരാതി നല്‍കിയത്. മകനെക്കൊണ്ട് വിവാഹം ചെയ്യിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ജോസ് തെറ്റയില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും യുവതി നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.
സ്്ത്രീ വിഷയമാണ് മന്ത്രി ശശീന്ദ്രനെയും കുടുക്കിയത്. മംഗളം ചാനല്‍ ഒരുക്കിയ ഹണി ട്രാപ്പില്‍ പെട്ടുപോയ പാവം മന്ത്രിക്ക് രാജി വക്കേണ്ടി വന്നു. പിന്നീട് കുറ്റവിമുക്തനായി വീണ്ടും മന്ത്രിയാകുകയായിരുന്നു.
കോൺഗ്രസിൽ ആണെങ്കിൽ, എം. വിൻസെന്റിനും എൽദോസ് കുന്നപ്പള്ളിക്കുമെതിരേ ലൈംഗികാരോപണം ഉയർന്നപ്പോഴും എംഎൽഎസ്ഥാനത്തുനിന്നു മാറ്റിനിർത്തിയിരുന്നില്ല. രാഹുലിനെപ്പോലെ പൂർണമായി അവരെ പാർട്ടി തഴഞ്ഞതുമില്ല.
രാജ്യത്ത് 16 എം.പിമാരും 135 എം.എല്‍.എമാരും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ് . അതില്‍ ബി.ജെ.പിക്കാരായ 54 പേരും, കോണ്‍ഗ്രസുകാരായ 23പേരുമുണ്ട്. ചെറിയ പാർട്ടി ആണെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ 13 പേർ ഇത്തരം കേസുകളില്‍ പ്രതികളാണ്.