ശബരിമല സ്വര്‍ണക്കൊള്ള; ചെന്നിത്തലയെ കേള്‍ക്കാന്‍ എസ്ഐടി, ബുധനാഴ്ച മൊഴിനല്‍കും
ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര കള്ളക്കടത്തു സംഘമാണെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നു. സ്വര്‍ണക്കൊള്ളയില്‍ 500 കോടിയുടെ ഇടപാടു നടന്നു. ഓപ്പറേഷനെക്കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയെക്കുറിച്ച് വിവരം നല്‍കാമെന്നുമായിരുന്നു ചെന്നിത്തലയുടെ കത്തിലെ ഉള്ളടക്കം.
എസ്ഐടിയുടെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിനാണ് അദ്ദേഹം കത്തു നല്‍കിയത്. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയില്‍ നിന്നും മൊഴിയെടുക്കാന്‍ എസ്എടി തയ്യാറാകുന്നത്.
ഇക്കാര്യം ചെന്നിത്തലയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ ബുധനാഴ്ച എസ്എടിക്ക് മുന്നില്‍ ഹാജരാകാനാണ് ചെന്നിത്തലയുടെ തീരുമാനം. സ്വര്‍ണക്കൊള്ളയില്‍ ചില വലിയ വ്യവസായികള്‍ക്കും പങ്കുണ്ട്. ചില റാക്കറ്റുകളും ഈ കൊള്ളയില്‍ സഹകരിച്ചിട്ടുണ്ട്. അറസ്റ്റിലായവര്‍ കൂട്ടുപ്രതികള്‍ മാത്രമാണ്. മുഖ്യപ്രതികള്‍ ഇപ്പോഴും അന്വേഷണത്തിനും വെളിയിലാണ്. പുരാവസ്തു കള്ളക്കടത്തു സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം. ഈ സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്കാന് തയ്യാറാണെന്നും രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് നല്കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.













