ശോഭാസുരേന്ദ്രനെ തകർക്കാൻ പടയൊരുക്കം ! തന്ത്രങ്ങളുമായി മുരളീധര പക്ഷം
കേരളത്തിലെ ബിജെപിയുടെ ഏറ്റവും ശക്തയായ വനിത നേതാവാണ് ശോഭ സുരേന്ദ്രന്. ഒരു വനിത നേതാവ് എന്നതിനപ്പുറത്തേക്ക്, പാര്‍ട്ടിയുടെ മുഖമായി പ്രവര്‍ത്തിച്ചിരുന്ന ആളും ആണ്. കഴിഞ്ഞദിവസമാണ് ബിജെപി ഔദ്യോഗിക പക്ഷത്തിനെതിരായി ശോഭ സുരേന്ദ്രന്റെ പരസ്യപ്രതികരണം പുറത്തുവന്നത്. എന്നാൽ അതിനെ തീർത്തും അവഗണിക്കാന്‍ ഒരുങ്ങുകയാണ് മുരളീധരന് പക്ഷം. ശോഭയുടെ നീക്കങ്ങള്‍ വളരെ ആസൂത്രിതമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ പ്രതികരണം. അതോടൊപ്പം തന്നെ ശോഭാ സുരേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി പ്രാധാന്യം നല്‍കരുതെന്നും നേതാക്കള്‍ക്ക് പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷം നിർദേശവും നൽകിയിരിക്കുകയാണ്. ശോഭാ സുരേന്ദ്രന്റെ ലക്ഷ്യം ലോക്സഭാ സീറ്റെന്നാണ് വി മുരളീധരന് പക്ഷത്തിന്റെ ആക്ഷേപം. എന്നാൽ ശോഭാസുരേന്ദ്രനെ അയേൺ ലേഡിയെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ആൾക്കാർ വിശേഷിപ്പിക്കുന്നത്. ബി.ജെപിയിലെ മിടുക്കിയും മികച്ച പ്രാസംഗികയും വോട്ടുപിടിക്കാൻ കഴിവുള്ളയാളുമാണ് ശോഭ സുരേന്ദ്രനെന്നും ശോഭയെ അടുപ്പിക്കാൻ ബി.ജെ.പി തയ്യാറാകുന്നില്ലെന്നും നടനും രാഷ്ടിയ പ്രവർത്തകനുമായ ഭീമൻ രഘു മുൻപ് ബിജെപിയിലായിരുന്ന സമയത്ത് പറഞ്ഞിരുന്നു.
കെ. സുരേന്ദ്രൻ ബി.ജെ.പി അധ്യക്ഷനായതിനുപിന്നാലെയാണ് ശോഭ സുരേന്ദ്രന് പാർട്ടിയിൽ അവഗണന നേരിട്ടുതുടങ്ങുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ഇവരെ വൈസ് പ്രസിഡന്റാക്കി തരംതാഴ്ത്തി. പാർട്ടി പരിപാടികളില്‍നിന്നും ഒഴിവാക്കി. അവഗണനയ്ക്കെതിരെ പലതവണ ശോഭ തന്നെ രംഗത്തുവന്നെങ്കിലും ഫലമുണ്ടായില്ല.എന്നാൽ, അവഗണനയ്ക്കെതിരെ മറുതന്ത്രമൊരുക്കുകയാണ് ശോഭ സുരേന്ദ്രൻ. ശോഭയ്ക്ക് പരിപാടികളില്‍ ഇടംനല്കി കെ. സുരേന്ദ്രനെതിരെ പടയൊരുക്കം നടത്തുന്നത് കൃഷ്ണദാസ് പക്ഷമാണ്. അടുത്തിടെ കോഴിക്കോട്ട് തുടർച്ചയായി രണ്ടു പരിപാടികളിലാണ് ശോഭ പങ്കെടുത്തത്. പാർട്ടി അധ്യക്ഷന്റെ ജില്ലയിലെ പരിപാടികളിലുള്ള ശോഭയുടെ സാന്നിധ്യം അധ്യക്ഷനോടുള്ള വെല്ലുവിളിയായാണ് ഔദ്യോഗിക വിഭാഗം വിലയിരുത്തുന്നത്.ശോഭയെ മുന്‍നിർത്തി സംസ്ഥാന അധ്യക്ഷനെതിരെ അദ്ദേഹത്തിന്റെ ജില്ലയിൽ തന്നെ പടയൊരുക്കം തുടങ്ങുകയാണ് ബി.ജെ.പിയിലെ കൃഷ്ണദാസ് പക്ഷമെന്നാണ് വിലയിരുത്തല്‍.
അതേസമയം കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും സംഘവും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. വിവി രാജേഷ് ഉള്‍പ്പടെയുള്ള നേതാക്കളും കെ സുരേന്ദ്രനൊപ്പം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ജെ.പി.നദ്ദയുമായും ബി.എല്‍.സന്തോഷുമായും സംസ്ഥാന നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.. ശോഭാ സുരേന്ദ്രന്റെ നിലപാടുകള്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കുകയായിരിക്കും കൂടികാഴ്ചയുടെ പ്രധാന അജണ്ട..എന്നാൽ ശോഭയ്ക്കെതിരായി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കേണ്ടെന്നാണ് സംസ്ഥാന നേതാക്കളുടെ തീരുമാനം.പാര്‍ട്ടിയുടെ അച്ചടക്കം താന്‍ ലംഘിച്ചിട്ടില്ലെന്നും തടസങ്ങള്‍ തട്ടി നീക്കി മുന്നോട്ടു പോകുമെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. പാര്‍ട്ടിയുടെ ഭാഗമാക്കാതിരിക്കനാണ് ശ്രമമെങ്കില്‍ ആ വെള്ളം വാങ്ങിവെക്കണം. ട്രൗസറിട്ട് നടന്നവരെ ഉപയോഗിച്ചാണ് തനിക്കെതിരെ പടയൊരുക്കം നടത്തുന്നത്. ബൂത്ത്തല പ്രവര്‍ത്തകര്‍ക്കൊപ്പം ഇനി മുന്നോട്ട് പോകുമെന്നും ശോഭ സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു. തന്നെ അവഗണിക്കുന്നവരെ ശക്തമായി വെല്ലുവിളിച്ചിരിക്കുകയാണ് ശോഭ. കെ സുരേന്ദ്രനെതിരെയും വി മുരളീധരനെതിരെയും ശോഭാ സുരേന്ദ്രന്റെ കൈയ്യിൽ ശക്തമായ ആയുധമുണ്ടെന്നാണ് സൂചന.
സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിതയായ ശേഷം ശോഭാ സുരേന്ദ്രൻ സ്ഥാനം ഏറ്റെടുക്കാൻ വിമുഖത കാട്ടിയത് പാർട്ടിക്കുള്ളിൽ തർക്കത്തിനിടയാക്കിയിരുന്നു.ഒരു അഭിമുഖത്തിൽ മുസ്ലീം ലീഗിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നതിനെക്കുറിച്ചുള്ള ശോഭയുടെ പ്രസ്താവന ബിജെപിയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. പിന്നീട് ആ പ്രസ്താവന തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തുകയായിരുന്നു.. എന്തൊക്കെയായാലും ഡൽഹിയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ശോഭാ സുരേന്ദ്രനെതിരെ വിഷയത്തിൽ എന്ത് നടപടിയാണ് പാർട്ടി സ്വീകരിക്കുക എന്നതിലടം വ്യക്തത വരിക.
കേരളത്തിലെ ബിജെപിയ്ക്കുള്ളില്‍ രണ്ട് വിഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. വി മുരളീധരന് നയിക്കുന്ന ഔദ്യോഗിക വിഭാഗവും പികെ കൃഷ്ണദാസ് നയിക്കുന്ന മറുവിഭാഗവും. ഒരുകാലത്ത് കൃഷ്ണദാസ് പക്ഷം ആയിരുന്നു ഏറ്റവും ശക്തം. കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷനായതിന് ശേഷം ശോഭ സുരേന്ദ്രനെ തഴയുന്ന ഘട്ടം വന്നതോടെയാണ് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് ഉദയം ചെയ്തത്. അതുവരെ പികെ കൃഷ്ണദാസിനൊപ്പം നിലകൊണ്ടിരുന്ന ശോഭയുടെ നേതൃത്വത്തില്‍ ആയിരുന്നു പുതിയ ഗ്രൂപ്പ്.