സ്പോട്സ് ക്വാട്ട നിയമനത്തിൽ ഭേദഗതി വരുത്തി സർക്കാർ
സ്പോട്സ് ക്വാട്ട നിയമനത്തിൽ ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്കായി മാറ്റിവെച്ച തസ്തികകളിലേക്ക് പരിക്കു കാരണം കായികജീവിതത്തിൽ നിന്ന് പിന്മാറേണ്ടി വരുന്നവരെ കൂടി പരിഗണിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. മെഡിക്കൽ ബോർഡിന്റെ ശുപാർശപ്രകാരമായിരിക്കണം ഇവരെ പരിഗണിക്കേണ്ടത്. അതിനായി സ്പോട്സ് ക്വാട്ട നിയമന വ്യവസ്ഥകളിൽ ആവശ്യമായ ഭേദഗതി വരുത്താൻ തീരുമാനിച്ചു. പരിക്ക് കാരണം ജീവിതം പ്രതിസന്ധിയലാകുന്ന താരങ്ങൾ വലിയ ആശ്വാസമാകുന്ന നടപടിയാണിത്.
നിലവിൽ ഒരു വർഷം 50 കായികതാരങ്ങൾക്കാണ് സ്പോട്സ് ക്വാട്ട പ്രകാരം നിയമനം നൽകുന്നത്. ഇതിൽ 2 തസ്തിക ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ചിട്ടുണ്ട്. പലപ്പോഴും ഈ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ് പതിവ്. 2010‐14 കാലയളവിലെ 5 വർഷം ഭിന്നശേഷിക്കാരായ 4 പേർക്കു മാത്രമാണ് നിയമനം ലഭിച്ചത്. യേഗ്യരായ അപേക്ഷകരില്ലാത്തതാണ് കാരണം. ഈ സാഹചര്യത്തിലാണ് ജൂനിയർ വിഭാഗത്തിലും മറ്റും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിക്കുകയും പരിക്കു കാരണം കായികരംഗത്തുനിന്ന് പിൻവാങ്ങേണ്ടി വരികയും ചെയ്യുന്നവരെ പരിഗണിക്കാൻ തീരുമാനിച്ചത്.