എസ്എസ്എല്‍സി ഫലംപ്രഖ്യാപിച്ചു; 99.26 % വിജയം
എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണ 99.26 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 4,26,469 വിദ്യാര്‍ത്ഥികളില്‍ 4,23,303 പേര് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 44,363 പേര് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിദ്യാഭ്യാസ മന്ത്രി വി.ശിവന് കുട്ടി പിആര്‍ഡി ചേംബറില്‍ വച്ചാണ് ഫലം പ്രഖ്യാപിച്ചത്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവുണ്ട്. ഫുള്‍ എ പ്ലസ് നേടിയവരിലും വലിയ കുറവുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
കണ്ണൂരിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം. 99.76 ശതമാനം കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. വയനാട്ടിലാണ് ഏറ്റവും കുറവ് വിജയശതമാനം. 92.07 ശതമാനമാണ് വിജയമെന്നും മന്ത്രി ശിവന്‍കുട്ടി അറിയിച്ചു. നാലുമണിയോടെ വിവിധ വെബ്സൈറ്റുകള്‍ വഴി ഫലം അറിയാന്‍ കഴിയും.
4.26 ലക്ഷം വിദ്യാര്‍ത്ഥികളാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. റഗുലര്‍ വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച് എസാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സ്കൂള്‍. 2014 വിദ്യാര്‍ത്ഥികളാണ് ഈ സ്കൂളില്‍നിന്ന് പരീക്ഷയെഴുതിയത്.
മലയാളം മീഡിയത്തില്‍ 1,91, 787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയിത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ത്ഥികളും കന്നഡ മീഡിയത്തില്‍ 1,457 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണുള്ളതെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്.
Content Highlights – SSLC Result published, Kerala