അറിയില്ല എന്ന മറുപടിയിൽ ഒതുങ്ങി ചോദ്യങ്ങൾ; തന്ത്രപരമായ നീക്കമെന്ന് പൊലീസ്
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ കാവ്യാ മാധവനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ അന്വേഷണ സംഘത്തിന് കൃത്യമായ മറുപടി കിട്ടിയില്ല. നാലര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ മിക്കവാറുംചോദ്യങ്ങൾക്ക് അറിയില്ല എന്നായിരുന്നു കാവ്യാമാധവന്റെ മറുപടി.
പോലീസ് ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുത്ത ശബ്ദരേഖയെ കുറിച്ചുള്ള ചോദ്യത്തിനും നിഷേധാത്മകമായിരുന്നു കാവ്യയുടെ മറുപടി. ഇതിലുള്ള ശബ്ദം തന്റേതല്ലെന്ന് കാവ്യ ആവർത്തിച്ചു.
ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് കാവ്യയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശബ്ദരേഖകള്‍ സംബന്ധിച്ചും അന്വേഷണസംഘം വിവരങ്ങള്‍ തേടിയിരുന്നു. പക്ഷെ കൃത്യമായ മറുപടി ഒന്നും ലഭിച്ചില്ല. ആക്രമിക്കപ്പെട്ട നടിയുമായി ഒരു വ്യക്തിവിരോധവും ഉണ്ടായിരുന്നില്ലെന്നും സംഭവിച്ച പല കാര്യങ്ങളും ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നും കാവ്യാ പറഞ്ഞു.
എന്നാൽ കൂടുതൽ ചോദ്യങ്ങൾ ഒഴുവാക്കാനായി കാവ്യയുടെ തന്ത്രപരമായ സമീപനമാണെന്ന് പോലീസ് സംഘം നല്‍കുന്നവിവരം. നിലവില്‍ രേഖപ്പെടുത്തിയ മൊഴി പോലീസ് സംഘം വിശദമായി പരിശോധിക്കും. ഇതിനുശേഷമായിരിക്കും കാവ്യയെ ഇനിയും ചോദ്യം ചെയ്യണമോ എന്ന് തീരുമാനിക്കുക.
തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരം നാലരയോടെയാണ് കഴിഞ്ഞത്. ദിലീപിന്റെ ആലുവയിലെ വീടായ ‘പത്മസരോവര’ത്തില്‍ വെച്ചാണ് ചോദ്യം ചെയ്തത്.
Content Highlight: Strategic move by Kavya Madhavan when questioned by Crime Branch on Monday