ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി കടുത്തനടപടി; പുതിയ നിര്‍ദ്ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്ത് ബാലവേല കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളെ തൊഴിലില്‍ ഏര്‍പ്പെടുത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ബാലവേല തടയുന്നതിനു നിയമപ്രകാരമുള്ള പരിശോധനകള്‍ നടത്തുവാന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. ജൂണ്‍ 12 ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ള കുട്ടികളെ കണ്ടെത്തിയാല്‍ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.അതോടൊപ്പം കുട്ടികളെ തൊഴിലില്‍ ഏര്‍പ്പെടുത്തുന്നതിനു എതിരായി വിവിധ മാധ്യമങ്ങളിലൂടെ ബാലവേല വിരുദ്ധബോധവത്കരണ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
കേരളത്തില്‍ ബാലവേല ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍തന്നെ വേണ്ട നിയമ നടപടികള്‍ സ്വീകരിക്കുകയും ചൈല്‍ഡ് ലൈനും വനിതാ ശിശു വികസന വകുപ്പുമായി ബന്ധപ്പെട്ടു പുനരധിവാസം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.
കുട്ടികളിലെ സമഗ്ര വികാസത്തെ മുരടിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതുമായ ബാലവേല ശിക്ഷാര്‍ഹമാണ്. ഇതിനു പകരം അവരെ ക്ലാസ് മുറികളിലെത്തിക്കുകയും ഭാവി ജീവിതത്തിനു ഉതകുന്ന നൈപുണ്യം അവര്‍ക്കു ലഭ്യമാക്കുകയുമാണ് വേണ്ടതെന്ന് മന്ത്രി അറിയിച്ചു.
കുട്ടികള്‍ ജോലിയില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരെയോ, ചൈല്‍ഡ് ലൈന്‍, പൊലീസ് സ്റ്റേഷന് എന്നിവിടങ്ങളിലോ, 0471 2783946 അല്ലെങ്കില്‍ 1098 എന്ന നമ്പറുകളിലോ അറിയിക്കണമെന്നു മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.
Content Highlights – Child Labour, V Sivan Kutty, If child labor is noticed strict actions will be taken