കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. അയാള്‍ വെല്ലുവിളിക്കുന്നതെന്തിനാണ്? എനിക്കെതിരായ കേസില്‍ ഞാന്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമല്ലോ. അതിന് വെല്ലുവിളിക്കുന്നത് എന്തിനാണെന്ന് വിഡി സതീശന് ചോദിച്ചു.
തെളിവുകള്‍ എല്ലാം കോടതിയില്‍ ഹാജരാക്കും. അതുകൊണ്ടാണ് നോട്ടീസിന് മറുപടി കൊടുത്തത്. അദ്ദേഹം രണ്ടുകോടി രൂപയുടെ മാനനഷ്ടം ഉണ്ടായി എന്നു പറഞ്ഞാണ് നോട്ടീസ് അയച്ചത്. കേസു കൊടുത്തപ്പോള്‍ രണ്ടുകോടി രൂപയുടെ മാനം 10 ലക്ഷമായി എങ്ങനെ കുറഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കോടതിയില്‍ കേസ് നടക്കുമ്പോള്‍ അപ്പോഴല്ലേ തെളിവ് നല്‍കേണ്ടത്. അതു തുടങ്ങിയിട്ടില്ലല്ലോ. തെളിവു ഹാജരാക്കിക്കൊള്ളാമെന്ന് മറുപടിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. കടകംപള്ളിക്കെതിരെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണ്. ദ്വാരപാലകശില്പം ആര്‍ക്കാണ് കൊടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. അന്നത്തെ ദേവസ്വം മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.













