കാണാതായ രാഹുലിനോട് സാദൃശ്യമുള്ള കുട്ടി നെടുമ്പാശേരിയിലുണ്ടെന്ന് അമ്മയ്ക്ക് കത്ത്
ആലപ്പുഴയില്‍ നിന്ന് 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ രാഹുല്‍ ജീവിച്ചിരിപ്പുണ്ടെന്ന് കാട്ടി അമ്മ മിനി രാജുവിന് കത്ത്. മുംബൈ ശിവാജി പാര്‍ക്കില്‍ വെച്ച് രാഹുലിനോട് സാദൃശ്യമുള്ള കുട്ടിയെ കണ്ടുവെന്നും വിനയ് എന്നാണ് കുട്ടിയുടെ പേരെന്നുമാണ് മലയാളിയായ വസുന്ധരാ ദേവി എന്ന സ്ത്രീ അയച്ച കത്തില്‍ പറയുന്നത്. കുട്ടിയുടെ ചിത്രവും കത്തിനൊപ്പമുണ്ടായിരുന്നു. ഏഴാം വയസില്‍ പത്തനംതിട്ടയിലെ അനാഥാലയത്തില്‍ എത്തിയതാണെന്നും പിതാവിനെ തേടി മുംബൈയില്‍ എത്തിയതാണെന്ന് വിനയ് പറഞ്ഞതായും കത്തിലുണ്ട്. കുട്ടി ഇപ്പോള്‍ നെടുമ്പാശേരിയിലുണ്ടെന്നാണ് കത്തില്‍ പറയുന്നത്.
ഫോട്ടോയ്ക്ക് രാഹുലുമായി സാമ്യമുണ്ടെന്ന് അമ്മ മിനി രാജു പറഞ്ഞു. കത്തും ഫോട്ടോയും ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. കഴിഞ്ഞ മെയ് 18ന് രാഹുലിനെ കാണാതായി 17 വര്‍ഷം തികഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം രാഹുലിന്റെ അച്ഛന് രാജുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. മകനെ കണ്ടെത്താന്‍ കഴിയാതിരുന്നത് രാജുവിനെ മാനസികമായി തകര്‍ത്തിരുന്നു. ഈ മരണ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് രാഹുലിനോട് സാദൃശ്യമുള്ള കുട്ടിയെ കണ്ടതായുള്ള വെളിപ്പെടുത്തല്‍ വരുന്നത്.
2005 മെയ് 18നാണ് രാഹുലിനെ കാണാതായത്. വീടിന് സമീപത്ത് ക്രിക്കറ്റ് കളിക്കാന്‍ പോയതായിരുന്നു കുട്ടി. തിരോധാനത്തില്‍ ആദ്യം ലോക്കല്‍ പോലീസ് അന്വേഷണം നടത്തി. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല.
Content Highlights: Rahul, Alappuzha, Absconding, CBI, Police