സെല്‍ഫിയെടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
പത്തനാപുരത്ത് സെല്‍ഫിയെടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കൂടല്‍ സ്വദേശി അപര്‍ണ (16)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപര്‍ണയെ കാണാതായ പ്രദേശത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെ പട്ടാഴി, പൂക്കുന്നിമല കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്സിന്റെ സ്കൂബാ ഡൈവിംഗ് സംഘമാണ് തെരച്ചില്‍ നടത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സെല്‍ഫിയെടുക്കുന്നതിനിടെ പെണ്‍കുട്ടികള്‍ കല്ലടയാറ്റില്‍ വീണത്. അപര്‍ണയുടെ സുഹൃത്ത് അനുഗ്രഹ, അനുഗ്രഹയുടെ സഹോദരന് അഭിനവ് എന്നിവര്‍ പുഴയരികില്‍ സെല്‍ഫിയെടുക്കുന്നതിനിടെയായിരുന്നു അപകടം. വെള്ളത്തില്‍ വീണ അപര്‍ണയെ രക്ഷിക്കാന്‍ ശ്രമിച്ച അനുഗ്രഹയും ഒഴുക്കില്‍പ്പെട്ടു.
ഇതിനിടയില്‍ വീട്ടില്‍ പോയി മടങ്ങിയെത്തിയ അഭിനവ് പെണ്‍കുട്ടികളെ തിരയുകയും ഒഴുക്കില്‍ പെടുകയും ചെയ്തു. അനുഗ്രഹയെയും അഭിനവിനെയും പിന്നീട് നാട്ടുകാര്‍ രക്ഷപ്പെടുത്തി. അപര്‍ണയ്ക്കായി ശനിയാഴ്ച മുതല്‍ തെരച്ചില്‍ നടന്നു വരികയായിരുന്നു. പത്തനംതിട്ട സ്വദേശിയായ അപര്‍ണ സുഹൃത്തായ അനുഗ്രഹയുടെ വീട്ടിലെത്തിയതായിരുന്നു.
Content Highlights – Body of young girl founded, Pathanapuram, Kerala Police