എയിംസ് ആലപ്പുഴക്ക് അല്ലെങ്കിൽ തമിഴ്നാട്ടിൽ കൊടുക്കും എന്ന് പറയാൻ സുരേഷ്ഗോപി ആരാണെന്ന് സിപിഎം; ആലപ്പുഴ, മലപ്പുറം ജില്ലകളെ കുറിച്ച് സുരേഷ്ഗോപി പറഞ്ഞത് പൊട്ടത്തെറ്റ്
കുറച്ച് ദിവസങ്ങളായി തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ്ഗോപി പറയുന്നത് ആലപ്പുഴയെ കുറിച്ചാണ്. സ്വന്തം മണ്ഡലമായ തൃശൂരിനെ കടത്തി വെട്ടുന്ന തരത്തിലുള്ള സ്നേഹമാണ് ഇപ്പോൾ അദ്ദേഹം ആലപ്പുഴയോട് കാണിക്കുന്നത്.
ഇനി തൃശൂരിൽ വിജയ സാധ്യത ഇല്ലെന്ന് കണ്ടിട്ട്, ബിജെപി തോറ്റ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച ആലപ്പുഴയുടെ മേലൊരു നോട്ടം അദ്ദേഹത്തിനുണ്ടോ എന്നുമൊരു സംശയം പലർക്കുമുണ്ട്. എയിംസ് ആലപ്പുഴയ്ക്ക് നല്കാൻ അദ്ദേഹം കാണിക്കുന്ന താല്പര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
എന്നാൽ എയിംസ് വിഷയത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരെ സിപിഐഎം രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്ര ആരോഗ്യവകുപ്പുമായി ഒരു ബന്ധമില്ലാത്ത, ഒരു സഹമന്ത്രി മാത്രമായ സുരേഷ് ഗോപി എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്നും സംസ്ഥാന സർക്കാർ സ്ഥലമെടുത്ത് നൽകിയില്ലെങ്കിൽ തമിഴ്നാടിന് കൊടുക്കുമെന്നും ഭീഷണി മുഴക്കുകയാണെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി ആരോപിച്ചു. അതേപോലെ സുരേഷ് ഗോപിയുടെ ഈ പ്രസ്താവന ശുദ്ധ വിവരദോഷമാണെന്ന് സിപിഐയും പറയുന്നുണ്ട്.
സുരേഷ് ഗോപിയുടെ പരാമർശം അദ്ദേഹത്തിന്റെ പതിവുള്ള വിഡ്ഢിവേഷം കെട്ടലായി മാറുകയാണെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പറയുന്നു. സുരേഷ് ഗോപി ആലപ്പുഴയുടെ വ്യവസായരംഗത്തെക്കുറിച്ചു നടത്തിയ പ്രസ്താവന അനുചിതവും അറിവില്ലായ്മയുമാണെന്ന് സിപിഐ ജില്ലാ കമ്മിറ്റിയും വിലയിരുത്തി.
ജില്ലയിലെ തലയെടുപ്പുള്ള എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പാർട്ടി നേതാവായിരുന്ന ടി വി തോമസിന്റെയും ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടവയാണെന്ന് ജില്ലാ സെക്രട്ടറി എസ് സോളമൻ പറഞ്ഞു.
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോകാസ്റ്റ്, കയർ കോർപ്പറേഷൻ, കേരള സ്പിന്നേഴ്സ്, കയർഫെഡ്, കയർ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി കയർ സഹകരണസംഘങ്ങൾ എന്നുവേണ്ട ജില്ലയിലെ എല്ലാ വ്യവസായസ്ഥാപനങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഭവനകളാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ എയിംസ് വിഷയത്തിൽ ആലപ്പുഴ ജില്ലയെ വല്ലാതെയങ്ങ് പൊക്കുകയും ചെയ്യുന്നുണ്ട് സുരേഷ്ഗോപി. കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് ആലപ്പുഴ എന്നാണ് പുള്ളിക്കാരൻ അടിച്ച് വിട്ടത്. അത് മാത്രമല്ല ജനസാന്ദ്രത കൂടുതൽ മലപ്പുറത്താണെങ്കിലും, കേരളത്തിലെ ഏറ്റവും വലിയ ജില്ല ആലപ്പുഴയാണ്” എന്നും സുരേഷ്ഗോപി പ്രസ്താവിച്ച് കളഞ്ഞു.
പക്ഷേ യഥാർഥത്തിൽ കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് ആലപ്പുഴ. അതേപോലെ ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ലാ മലപ്പുറമല്ല. ഏറ്റവും കൂടുതൽ ജനസാന്ദ്രത ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ജില്ലയാണ് മലപ്പുറം. ജനസംഖ്യയും ജന സാന്ദ്രതയും തമ്മിൽ വലിയ മാറ്റമുണ്ട്.
നേരത്തെ ഏറ്റവും വലിയ ജില്ലാ പാലക്കാട് ആയിരുന്നു.എന്നാൽ ആ സ്ഥാനം ഇപ്പോ ഇടുക്കി ജില്ലക്കാണ്. ഒരു ജില്ലാ എങ്ങനെ വലുതായെന്ന് ചോദിച്ചാൽ, 1997-ൽ കുട്ടമ്പുഴ വില്ലേജ് എറണാകുളം ജില്ലയോട് ചേർത്തപ്പോൾ ഇടുക്കിയുടെ വിസ്തീർണ്ണം കുറഞ്ഞു പോയി. എന്നാൽ 2023-ൽ കുട്ടമ്പുഴയുടെ കുറച്ച് ഭാഗങ്ങൾ ഇടുക്കിയിലേക്ക് വീണ്ടും കൂട്ടിച്ചേർത്തു. ഇതോടെ ഇടുക്കി വീണ്ടും കേരളത്തിലെ ഏറ്റവും വലിയ ജില്ലയായി മാറി.
ഏറ്റവും വലിയ ജില്ല ഇടുക്കിയും രണ്ടാമത് പാലക്കാടും മൂന്നാമത് മലപ്പുറവുമാണ്. അതേപോലെ ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല വയനാട് ആണ്. ആലപ്പുഴ ജില്ലയുടെ പ്രത്യേകതകൾ ഏറ്റവും ചെറിയ ജില്ലാ എന്നത് മാത്രമല്ല, പട്ടിക വർഗക്കാർ ഏറ്റവും കുറവുള്ള ജില്ലയും, വന പ്രദേശം ഏറ്റവും കുറവുള്ള ജില്ലയും ആലപ്പുഴയാണ്.
ഒരിക്കൽ വിജ്ഞാനപ്രദമായ കോടീശ്വരൻ എന്ന സൂപ്പർ പരിപാടിയൊക്കെ നയിച്ചിരുന്ന ഒരു വ്യക്തിയാണ് ഇപ്പോൾ ഇത്തരം കാര്യങ്ങൾ വിളിച്ച് പറയുന്നത് എന്നോർക്കുമ്പോൾ പലർക്കും അത്ഭുതമാണ്. ഇദ്ദേഹം മാധ്യമങ്ങളെ കാണാതെ മാറി നടക്കുന്നത് തന്നെയാണ് നല്ലത്. കാരണം ഇത്തരം പ്രസ്താവനകൾ കാരണം ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വരുമ്പോൾ, ഇദ്ദേഹം ആ കോപം തീർക്കുന്നത് മാധ്യമങ്ങളുടെ നേരെയാണ്.













