“ഭർത്താവ് മർദ്ദിക്കുന്നു; പേടിയാകുന്നു”: നാളെ വിധി വരാനിരിക്കെ വിസ്മയയുടെ നിര്‍ണായക ശബ്ദരേഖ പുറത്ത്
വിസ്മയ കേസിൽ വിധിവരാനിരിക്കേ കൊല്ലപ്പെട്ട വിസ്മയയുടെ നിർണായക ശബ്ദരേഖ പുറത്ത്. ഭര്‍ത്താവായ കിരണ്‍ കുമാറില്‍ നിന്നുണ്ടായ ക്രൂരപീഡനത്തെക്കുറിച്ച് പിതാവായ ത്രിവിക്രമന്‍ നായരോട് സംസാരിക്കുന്ന വിസ്മയുടെ ശബ്ദരേഖയാണ് ഇപ്പോള്പുറത്തുവന്നിരിക്കുന്നത്.
ഭര്‍ത്താവ് കിരണ്‍കുമാര്‍ തന്നെ മർദ്ദിക്കാറുണ്ടെന്നും താൻ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്നും വിസ്മയ കരഞ്ഞുകൊണ്ട് അച്ഛനോട് പറയുന്നതിൻ്റെ ഫോൺ രേഖകളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. “ എന്നെ നിർത്തിയിട്ടുപോയാൽ എന്നെ ഇനി കാണത്തില്ല, ഞാൻ എന്തെങ്കിലും ചെയ്യും. എന്നെ അടിക്കും അച്ഛാ, എനിക്ക് പേടിയാകുന്നു.” എന്നായിരുന്നു വിസ്മയ കരഞ്ഞുകൊണ്ട് ത്രിവിക്രമൻ നായരോട് പറഞ്ഞത്.
കിരണ്‍കുമാറിന്റെ ഫോണ്‍ സൈബര്‍ വിഭാഗം പരിശോധനയ്ക്ക് അയച്ചിരുന്നു. തുടര്‍ന്നാണ് റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങള്‍ കണ്ടെത്തിയത്. സ്ത്രീധന സംബന്ധമായി സംസാരിച്ചതുള്പ്പടെയുള്ള സംഭാഷണങ്ങള്‍ പൊലീസ് തെളിവായി ഹാജരാക്കി. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് നാളെ കേസില്‍ വിധി പറയുക. നാലുമാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് നാളെ നിര്‍ണായക വിധി പ്രസ്താവന നടക്കുക.
2021 ജൂണ്‍ 21-നാണ് കൊല്ലം നിലമേൽ സ്വദേശിയായ വിസ്മയയെ ഭര്‍ത്തൃഗൃഹത്തില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർതൃഗൃഹത്തിലെ പീഡനം മൂലം വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. സ്ത്രീധനമായി നല്കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് കിരൺ കുമാർ പീഡിപ്പിച്ചതായാണ് ആരോപണം. സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് പ്രതിക്കെതിരായി 41 സാക്ഷികളെ വിസ്തരിച്ചിരുന്നു. കൂടാതെ 118 രേഖകളും 12 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രതിയായ കിരൺ കുമാറിൻ്റെ പിതാവ് സദാശിവന് പിള്ള, സഹോദരപുത്രന് അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം നായര്‍ എന്നീ അഞ്ചു സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.
Content Highlight – The crucial audio recording of Vismaya leaked