പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്
പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു ആശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഉപയോഗിക്കുന്നത്. കളക്ടര്‍ ചെയര്‍മാനും ഡിഎംഒ വൈസ് ചെയര്‍മാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചികിത്സാ പിഴവ് മൂലം രോഗികള്‍ തുടര്‍ച്ചയായി മരണപ്പെടുന്നു എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിയത്. ഈ പശ്ചാത്തലത്തിലാണ് നടപടി ഉണ്ടായത്. കഴിഞ്ഞ ദിവസം പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത് ആശുപത്രി അധികൃതരുടെ ഭാഗത്തുള്ള വീഴ്ചയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഉത്തരവാദികളായ മൂന്ന് ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ ശസ്ത്രക്രിയക്കിടെ ഭിന്നശേഷിക്കാരിയായ യുവതിയും മരിച്ചു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് നടപടിയുമായി രംഗത്തെത്തിയത്.
Content Highlights – Veena George, Preparing to take legal action against Palakkad Thangam Hospital