ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഐ സി സി രൂപീകരിച്ചത്; താരസംഘടനക്കെതിരെ വനിത കമ്മീഷന്
ആഭ്യന്തര പരിഹാര സെല്‍ വേണ്ടെന്ന താരസംഘടനയുടെ വാദത്തെ തള്ളി വനിത കമ്മീഷന് അധ്യക്ഷ അഡ്വ. പി സതീദേവി. സിനിമാ മേഖലയിലെ മുഴുവന്‍ സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അമ്മയുള്‍പ്പെടെയുള്ള സംഘടനകള്‍ക്കകത്ത് അവര്‍ പ്രതിനിധാനം ചെയ്യുന്ന സ്ത്രീകള്‍ക്കായുള്ള പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനം വേണമെന്നാണ് ഹൈക്കോടതിയുടെ തീരുമാനം. സ്വാഭാവികമായിട്ടും ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അമ്മ ഉള്‍പ്പെടെയുള്ള എല്ലാ സംഘടനകളും ബാധ്യസ്ഥരാണ്. ഒരു മേഖലയിലെയും സ്ത്രീകളോട് മോശമായി പെരുമാറുകയോ ചെയ്യുന്ന ആളുകള്‍ക്ക് ഒരു തരത്തിലുള്ള സംരക്ഷണവും ഒരു സംഘടനയും നല്‍കരുതെന്നും പി സതീദേവി വ്യക്തമാക്കി.
സ്ത്രീകളുടെ സുരക്ഷയ്ക്ക് ആഭ്യന്തര പരിഹാര പരാതി സെല്‍ വേണമെന്ന് ആവശ്യപ്പെട്ട് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ സി സി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഈ ഹര്‍ജിയെ വനിതാ കമ്മീഷന് പിന്തുണച്ചിരുന്നു. കേസില്‍ താരസംഘടന കക്ഷി ചേരുകയും ചെയ്തു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഐ സി സി രൂപീകരിച്ചത്. അതുകൊണ്ട് തന്നെ അമ്മ ഉള്‍പ്പെടെ എല്ലാ സംഘടനകള്‍ക്കും ഇത് ബാധകമാണെന്നും സതീദേവി ചൂണ്ടിക്കാട്ടി.
Content Highlights – Women’s Commission against Star Organization ‘AMMA’