ഉത്രാടക്കാഴ്ചയുമായി കമ്യൂണിസ്റ്റുകാരൻ തൊഴുത് നിൽക്കുന്ന ചിത്രം അരോചകം തന്നെ; ഒരു തലമുറയുടെ പോരാട്ടത്തെ, പൊരുതി മരിച്ചവരെ മറന്ന് പോകുന്ന ചില ആഘോഷങ്ങൾ

ശ്രീചിത്തിരതിരുനാൾ മഹാരാജാവ് തൃപ്പുണിത്തുറ കൊട്ടാരത്തിലെ തമ്പുരാട്ടിമാർക്ക് ഓണപ്പുടവ നൽകിവരുന്ന പതിവ് നിലനിന്നിരുന്നു. രാജഭരണത്തിന് ശേഷം ഇതിനുള്ള തുക എൻഡോവ്മെന്റ് എന്ന പേരിൽ സർക്കാരിന് കൈമാറി.
കൊച്ചി രാജവംശത്തിന്റെ ആസ്ഥാനപദവിക്ക് കീഴിലുള്ള കുടുംബാംഗങ്ങളെ കണ്ടെത്തിയാണ് ഉത്രാടക്കിഴി എന്ന പേരിൽ തുക കൈമാറിവരുന്നത്. രാജഭരണം അവസാനിക്കുകയും ജനാധിപത്യസംവിധാനം നിലവിൽവരുകയും ചെയ്ത സാഹചര്യത്തിൽ സർക്കാർ ട്രഷറിയിൽ നിക്ഷേപിച്ച തുകയുടെ പലിശയാണ് ഉത്രാടക്കിഴിയായി നൽകിവരുന്നത്.
കൊച്ചിരാജവംശത്തിന്റെ പിൻതുടർച്ചക്കാർക്ക് പതിറ്റാണ്ടുകളായി പതിവുതെറ്റാതെ ഓണത്തിന് മുൻപായി സർക്കാർ നൽകുന്ന ഉത്രാടക്കിഴി താലൂക്കിലെ വിവിധ ഭാഗങ്ങളിലുള്ള .കോവിലകങ്ങളിൽ റവന്യൂവിഭാഗം ഉത്രാടത്തലേന്ന് എത്തിച്ചു കൊടുക്കുന്നുണ്ട്. 14 രൂപയും ചില്ലറയുമായിരുന്ന ആദ്യകാലത്ത് തുക. പിന്നീട് 1001 രൂപയാക്കുകയായിരുന്നു.
എന്നാൽ ഈ ഉത്രാടക്കിഴി നൽകാൻ പലപ്പോളും കമ്യൂണിസ്റ്റ് മന്ത്രിമാർ അഭിമാനപൂർവ്വം കടന്നു വരുന്നത് കാണുമ്പൊൾ ഒരു വല്ലായ്മ്മ തോന്നാറുണ്ട് . ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി, ഫ്യൂഡൽ പ്രഭുവർഗ്ഗത്തിന്റെ പ്രതീകമായ തമ്പുരാട്ടിക്ക് ഭക്തിപൂർവ്വം ഉത്രാടക്കിഴി സമർപ്പിക്കുന്ന ചിത്രം, കേരള ചരിത്രത്തെ നോക്കി കൊഞ്ഞനം കുത്തുന്ന രീതിയിലെ ഒരു കാഴ്ചയാണ്.
എ.കെ.ജി യും കൃഷ്ണപിള്ളയും അടക്കമുള്ള വിപ്ലവ വീര്യമുള്ള സഖാക്കൾ ഏതൊരു രാജഭരണം ഇല്ലാതെയാക്കാൻ വേണ്ടിയാണോ പോരാടിയത്, അല്ലെങ്കിൽ ഏതൊരു ജന്മിത്വ വ്യവസ്ഥിതിക്ക് എതിരെയാണോ പോരാടിയത് എന്നതൊക്കെ മറന്നു പോകുന്ന തരത്തിലുള്ള ഒരു ഓണാക്കാഴ്ചയാണിത്.
മലയാളികൾ മറക്കാൻ ആഗ്രഹിക്കുന്ന ആ രാജഭരണത്തിന്റെ ബാക്കിയിരുപ്പുകളെ, പുത്തൻ കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ ആദരിക്കുന്നത് കാണുമ്പോൾ, ഇവിടെ മരിച്ച് വീണ നൂറുകണക്കിന് രക്തസാക്ഷികളുടെ ആത്മാവുകൾ കരയുന്നുണ്ടാകും.
അന്നന്നത്തെ കൂലിക്കായി പാടങ്ങളിൽ രക്തം വിയർപ്പാക്കിയിരുന്ന തൊഴിലാളികളെ ചേർത്ത് നിർത്തിയ ഒരു പ്രസ്ഥാനത്തിന്റെ പുതിയ കാല പ്രതിനിധികൾ, ഫ്യൂഡൽ സങ്കൽപ്പങ്ങളുടെ മുന്നിൽ തൊഴുത് നിൽക്കുന്ന കാഴ്ച വേദനാജനകമാണ്. ഒരു തലമുറയുടെ പോരാട്ടവീര്യം ചോർത്തിക്കളയുന്ന ഒരു കീഴ്വഴക്കമാണിത്.
നമ്മൾ കളിയാക്കിയ ഒരു മനുഷ്യനാണ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. പറമ്പിൽ പണിയെടുത്തു വരുന്ന തൊഴിലാളികൾക്ക് മണ്ണിൽ കുഴി കുത്തി, കഞ്ഞി ഒഴിച്ച് കൊടുത്തിരുന്ന പഴയ സുവർണ്ണകാലം എന്ന് സ്മരിച്ചതിനാണ് അദ്ദേഹം വിമർശനങ്ങൾ ഏറ്റുവാങ്ങിയത്.
രാജഭരണം പോയി ജനാധിപത്യം വന്നപ്പോൾ, ജനങ്ങൾ ആധിപത്യം നേടിയതായാണ് കണക്ക് കൂട്ടിയത്. എന്നാൽ ഇപ്പോളും ജനാധിപത്യം അംഗീകരിക്കാൻ കഴിയാത്ത ഒരു കൂട്ടരുണ്ട്. അവർക്ക് എല്ലാത്തിലും വലുത് പഴയ രാജാക്കന്മാരും തമ്പുരാക്കന്മാരുമാണ്.
സ്വാതന്ത്യം കിട്ടി ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്കായതോടെ രാജ്യത്തെ രാജഭരണത്തിനും ഫ്യൂഡല്‍ വ്യവസ്ഥിതിക്കും കൂടിയാണ് തിരശ്ശീല വീണത്. പ്രിവി പേഴ്സ് എന്ന പേരില്‍ രാജകുടുംബങ്ങള്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ ഇന്ദിരാഗാന്ധി നിര്‍ത്തലാക്കിയത് രാജഭക്തിക്ക് മേല്‍ തറച്ച അവസാന ആണിക്കല്ലായി പലരും കരുതിയിരുന്നു.
എന്നാല്‍ കാലക്രമേണ അഗ്രഹാരങ്ങളിലെയും അരമനകളിലെയും വോട്ടുവിഹിതത്തില്‍ കണ്ണുനട്ട് പഴയ രാജഭക്തിയിലേക്ക് തന്നെ ചില രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും നടന്നു നീങ്ങുന്ന ൿഴ്ചയാണ് നമ്മൾ കണ്ടത്. ഇതിന്റെയെല്ലാം ബാക്കി പത്രമാണ് 2013ല്‍ രാജകുടുംബാംഗങ്ങള്‍ക്കായി പെന്ഷന് അനുവദിക്കാനുള്ള തീരുമാനം. ഇന്ദിരാ ഗാന്ധി അവസാനിപ്പിച്ചത് പെന്‍ഷനിലൂടെ നടപ്പിലാക്കിയത് ഉമ്മന്‍ ചാണ്ടി ആയിരുന്നു.
ഇപ്പോൾ തമ്പുരാട്ടിമാരുടെ കൊട്ടാരത്തിൽ എത്തി സർക്കാർ ജീവനക്കാർ ഉത്രാടക്കിഴി കാണിക്ക സമർപ്പിക്കുന്നത് ഒരു ചടങ്ങിന്റെ ഭാഗമാണെന്ന് വെക്കാം. എന്നാൽ വാസവൻ മന്ത്രിയെപ്പോലുള്ള സഖാക്കൾ വിനയവിധേയരായി അവരുടെ മുന്നിൽ നിൽക്കുന്ന കാഴ്ച അങ്ങേയറ്റം അരോചകമാണ്.