ഐഎഫ്എഫ്കെ ഡിസംബറിലേക്ക് മടങ്ങിയെത്തുന്നു; തിയതികള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഡിസംബറില്‍ നടത്തും. 2022ലെ ചലച്ചിത്രമേള ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടത്താന്‍ തീരുമാനമായി. സാംസ്കാരികമന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ 2020, 2021 വര്‍ഷങ്ങളില്‍ മേള ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് നടത്തിയത്.
ഇതിനായി ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു. അന്താരാഷ്ട്ര ഫെസ്റ്റിവല്‍ കലണ്ടര്‍ അനുസരിച്ച് ഡിസംബറില്‍ തന്നെ മേള നടത്താനാണ് തീരുമാനം. ഗതകാലപ്രൗഢിയോടെ ചലിച്ചിത്ര മേളയുടെ ആവേശം തിരിച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ സാംസ്കാരിക വകുപ്പും നടത്തുന്നുണ്ടെന്നും മന്ത്രി വി.എന്‍. വാസവന് അറിയിച്ചു.
മത്സര വിഭാഗത്തിലേയ്ക്കുള്ള എന്‍ട്രികള്‍ 2022 ഓഗസ്റ്റ് 11 മുതല്‍ സ്വീകരിക്കും. അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമാ ടു ഡെ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് മത്സര വിഭാഗത്തിലേയ്ക്ക് പരിഗണിക്കുന്നത്. സിനിമകള്‍ 2021 സെപ്റ്റംബര്‍ ഒന്നിനും 2022 ഓഗസ്റ്റ് 31 നും ഇടയില്‍ പൂര്‍ത്തിയാക്കിയവ ആയിരിക്കണം.
Content Highlights – The International Film Festival of Kerala will be held in December