കൊച്ചിയിൽ നിന്ന് കാണാതായ ജി എസ് ടി ഉദ്യോഗസ്ഥനെ കണ്ടെത്തിയത് തൂത്തുക്കുടിയിൽ നിന്ന്
എറണാകുളത്ത് നിന്ന് കഴിഞ്ഞമാസം കാണാതായ ജി എസ് ടി ഓഫീസറെ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തി. ഇന്റലിജൻസ് വിഭാഗം സ്റ്റേറ്റ് ടാക്സ് ഓഫീസറായ അജികുമാറിനെയാണ് തൂത്തുക്കുടിയിൽ നിന്ന് കണ്ടെത്തിയത്.
കൊല്ലം സ്വദേശിയായ അജികുമാറിനെ കഴിഞ്ഞമാസം മുപ്പതിനാണ് കാണാതായത്. ഇൻഫോപാർക്ക് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അജികുമാറിനെ കണ്ടെത്തിയത്. കലൂർ ഓഫീസിലെ ജീവനക്കാരനായ ഇയാളെ മൂന്ന് മാസം മുൻപാണ് കാക്കനാട്ടെ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്. പുതിയ ഓഫീസിൽ രണ്ട് മാസം ജോലി ചെയ്ത ശേഷം ഒരു മാസത്തെ അവധിയിൽ പ്രവേശിച്ചു. വീണ്ടും ജോയിലിൽ ജോയിൻ ചെയ്യുന്നതിനായി എറണാകുളത്തെത്തി. പിറ്റേ ദിവസം വീട്ടിലേക്ക് തിരിച്ചുപോവുമെന്ന് ബന്ധുക്കളോട് പറയുകയും ചെയ്തിരുന്നു. രാവിലെ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ അജികുമാറിനെ കുറിച്ച് കാര്യമായ വി്വരങ്ങളൊന്നും ഉണ്ടായിരുന്നില്ല. തിരോധാനത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂത്തുക്കുടിയിൽ നിന്ന് ഇയാളെ കണ്ടെത്തിയത്.
തിരോധാനത്തിന് പിന്നിൽ മറ്റെന്തെങ്കിലും ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്. ജോലി സംബന്ധമായ സമ്മർദങ്ങൾ ഏതെങ്കിലും തരത്തിൽ ഇയാളെ ബാധിച്ചിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.
Content Highlight – The missing GST officer from Kochi was found from Thoothukudi