നൂറുകണക്കിന് ശരീരങ്ങൾ വെട്ടിമുറിച്ച ഡോക്ടർ ഷേർളി വാസു പൊട്ടിക്കരഞ്ഞ നിമിഷം; മാവൂരിൽ കൂട്ടബലാൽസംഗം ചെയ്യപ്പെട്ട ബാലികയുടെ ശരീരത്തിന് മുന്നിൽ തളർന്ന് പോയി

ഡോ. ഷെർളി വാസു ഓർമയായി മാറി. നമ്മുടെ കേരളം കണ്ട ഏറ്റവും ധീരയായ ഒരു വനിതയായിരുന്നു അവർ. 1981 മുതൽ ഫൊറൻസിക് സർജനായി ജോലിചെയ്യുന്ന, ഒട്ടേറെ പോസ്റ്റ്മോർട്ടങ്ങൾ നടത്തിയിട്ടുള്ള, ഡോക്ടർ ഷേർളി വാസു, ജോൺ എബ്രഹാമിനെയും പദ്മരാജനെയും പോസ്റ്റ്മോർട്ടം ടേബിളിൽ കണ്ടിട്ടുണ്ട്. ഒട്ടേറെ കുപ്രസിദ്ധ കുറ്റകൃത്യങ്ങൾക്ക് പോസ്റ്മോർട്ടത്തിലൂടെ അവർ തുമ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്.
ആദ്യമായി പോസ്റ്റ്മോർട്ടം ടേബിളിൽ മൃതദേഹം തൊട്ടപ്പോള്‍ വികാരപരമായി ചിലതൊക്കെ തോന്നിയിട്ടുണ്ട്. പിന്നീട് നൂറുകണക്കിന് മൃതദേഹങ്ങള്‍ ഒന്നിച്ചു കൈകാര്യം ചെയ്യേണ്ടിവന്നാലും വികാരരഹിതമായി തന്നെ അതൊക്കെ ചെയ്തു തീർത്തിട്ടുണ്ട് എന്നാണ് ഡോക്ടർ ഷേർളി പറയുന്നത്.
ആദ്യമായി പോസ്റ്റ്മോർട്ടം നടത്തിയ രാത്രിയില്‍, സ്വപ്നങ്ങളിൽ ആ സ്ത്രീയുടെ രൂപം കടന്നു വന്നിരുന്നു. അവരുടെ നിലവിളി കേൾക്കുന്നത് പോലെ തോന്നിയിരുന്നു. എന്നാൽ അത് ആദ്യത്തെയും അവസാനത്തെയും നിലവിളി ആയിരുന്നു. പിന്നീട് അങ്ങനെയൊരു സ്വപ്നമോ കരച്ചിലോ ഡോക്ടർ കണ്ടിട്ടില്ല കേട്ടിട്ടില്ല.
താൻ ഈ ജോലി ഉപേക്ഷിച്ച് പോകാതിരുന്നതിനെ കുറിച്ചും ഡോക്ടർ ഷേർളി പറഞ്ഞിട്ടുണ്ട്.
” ഞാനിത് ഇട്ടിട്ടുപോയാല്‍ ഒരുപക്ഷേ, ഒരു തെറ്റിദ്ധാരണവരെ വരും, പോലീസ് ജോലികളും ഇത്തരം ജോലികളും സ്ത്രീകള്‍ക്ക് പറ്റില്ലെന്ന്. ഈ കേരള പോലീസിന്റെ കൂടെ ജോലി ചെയ്യാന്‍ എനിക്ക് ഇഷ്ടം തന്നെയാണ്. ഇങ്ങനെ മാറ്റിപ്പറയണം എന്ന് അവരാരും എന്നോടു ഒരിക്കലും പറഞ്ഞിട്ടില്ല.
മരണത്തിന്റെ മണം ഒന്നു വേറെയാണ്. വെള്ളത്തില്‍ വീണ മരണത്തിന്റെ മണം ഒന്ന്. മണ്ണിനടിയില്‍ കിടന്ന മരണത്തിന്റെ മണം മറ്റൊന്ന്. പാറയിടുക്കില്‍ ചീഞ്ഞ മരണത്തിന്റെ മണം വേറൊന്ന്. ”കാട്ടില്‍ നിന്നൊക്കെ കൊണ്ടുവരുന്ന ബോഡിയില്‍ നാലടി ഉയരത്തില്‍ പുഴു ചാടും. മണമുണ്ടാകും. എല്ലാവര്ക്കും ഉള്ളതുപോലെ നമുക്കും ബുദ്ധിമുട്ട് തന്നെയാണ് മണം. പക്ഷേ, കുറച്ചു കഴിഞ്ഞാല്‍ അതൊക്കെ മറക്കും.
നിവൃത്തി കെട്ടിട്ടോ അമര്‍ഷത്തോടെയോ സ്നേഹമില്ലാതെയോ ചെയ്യുന്ന പ്രവൃത്തിയല്ല ഇത്. ഇത് ഒരു ത്രില്ലിങ് ജോലിയാണ്. ജോലി ചെയ്യാനുള്ള മനഃസ്ഥിതി വേണം. സമൂഹത്തിനു നല്ലതുവരാന്‍ പ്രവര്‍ത്തിക്കുക.
അവര്‍ വന്ന് ‘താങ്ക് യൂ’ എന്നു പറയുന്നതു കേള്‍ക്കാതെ ജോലി ചെയ്തുകൊണ്ടേയിരിക്കുക. അതിലൊരു സുഖമുണ്ട്. സാക്ഷാല്‍ ഈശ്വരസേവയാണ് ഞങ്ങൾ ചെയ്യുന്നത് . അതില്‍ ഒരു സംശയവുമില്ല. ഒരു കുറവുമില്ലാതെ ചെയ്യും” എന്നാണ് ഡോക്ടർ പറഞ്ഞത്.
കേരളത്തിലെ ഏറ്റവും ധീരയായ സ്ത്രീ ഒരു സംഭവം പറയുമ്പോൾ പൊട്ടിക്കരഞ്ഞിട്ടുണ്ട്.
മാവൂർ റോഡിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട നാടോടി ബാലികയുടെ ശരീരത്തിൽ കത്തിവെക്കേണ്ടിവന്നത് പറഞ്ഞപ്പോൾ അവർ ഒരു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. ‘ഒരു വസ്ത്രത്തിന്റെ ടാൻ പോലുമില്ലായിരുന്നു ഉറുമ്പരിച്ച ആ ശരീരത്തിൽ..’ എന്നു പറഞ്ഞായിരുന്നു ഡോക്ടർ ഷേർളിയുടെ നിലവിളി. നൂറുകണക്കിന് ശരീരങ്ങൾ കീറിമുറിച്ച അവർ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ആയ കുഞ്ഞിന്റെ ശരീരം കണ്ട് തളർന്ന് പോയിരുന്നു.
തന്റെ മരണത്തെ കുറിച്ചും ഡോക്ടറിന് പറയാൻ ഉണ്ടായിരുന്നു. എന്റെ മരണം സംശയകരമായിട്ടോ വാഹനാപകടമായിട്ടോ എന്താണെന്ന് എനിക്കു പറയാനാവില്ല.. അങ്ങനെ വന്നാൽ കോഴിക്കോട് മോർച്ചറിയിലാണെങ്കിൽ ഞാനും അവരിൽ ഒരാളാകും. എന്റെ സഹപ്രവർത്തകർ എന്നെ കീറിമുറിക്കുന്നത് സന്തോഷത്തോടെ ഞാൻ നോക്കിക്കാണും.’’
ഒടുവിൽ ഇന്നലെ ഡോ. ഷെർലി വാസു അവസാനമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി. അവരുടെ ജീവിതവുമായി അലിഞ്ഞുചേർന്ന ആത്മാക്കളോട് യാത്ര പറഞ്ഞുകൊണ്ട് ഡോക്ടർ ഈ ലോകത്ത് നിന്നും വിട പറയുകയാണ്.