സംസ്ഥാനത്ത് മസ്തിഷ്ക ജ്വരബാധിതരുടെ എണ്ണം കൂടുന്നു

സംസ്ഥാനത്ത് മസ്തിഷ്ക ജ്വരബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ മാത്രം 73 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 8 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുമ്പൊന്നുമില്ലാത്ത രീതിയിൽ ഒന്നിലധികം പ്രൈമറി നിപ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മസ്തിഷ്ക ജ്വര വ്യാപനത്തെ ഗൗരവമായി ആരോഗ്യവകുപ്പ് കാണേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. വടക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രത വേണമെന്നും വിദഗ്ദർ വിശദീകരിക്കുന്നു. കൂടാതെ നിപ പരിശോധനയും നടത്തണം. ഒന്നിലധികം പ്രൈമറി നിപ കേസുകൾ ഇതാദ്യമാണ്. ഇൻഫ്ലുവൻസ കേസുകളും കൂടുന്നു.
നിലവിലെ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കടുപ്പിക്കേണ്ടി വരുമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഈ മാസം മാത്രം 37 പേർക്കാണ് മസ്തിഷ്ക ജ്വരം ബാധിച്ചത്. രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ആകെ 100 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
നിപ ലക്ഷണങ്ങളോട് സമാനമാണ് മസ്തിഷ്ക ജ്വരത്തിൻറെ ലക്ഷണങ്ങളും. എന്നാൽ എഇഎസ് സ്ഥിരീകരിക്കുന്നവരിൽ നിപ പരിശോധന നടത്തുന്നത് വിരളമാണ്. ഈ വർഷം വടക്കൻ ജില്ലകളിലായി നാല് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. നാലും പ്രൈമറി കേസുകളാണ്. നിപയുടെ ഉറവിടം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. കൂടുതൽ നിപ കേസുകളുണ്ടായിരിക്കാനുള്ള സാധ്യതയാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.