അവയവമാറ്റ ശസ്ത്രക്രിയ വൈകി, വൃക്കരോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചു. കൊച്ചിയില്‍ നിന്ന് വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയ നാല് മണിക്കൂര്‍ വൈകിയെന്നാണ് ആരോപണം. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റിവെക്കാനുള്ള വൃക്ക മൂന്നു മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. വൃക്ക എത്തിച്ചങ്കിലും രോഗിയെ കൃത്യസമയത്ത് തയ്യാറാക്കുന്നതിലും സമയത്ത് ശസ്ത്രക്രിയ നടത്തുന്നതിലും വീഴ്ച്ചയുണ്ടായതായാണ് വിവരം. അതേസമയം കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും ഇതാണ് കാലതാമസത്തിന് കാരണമായതെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.
എന്നാല്‍ നെഫ്രോളജി, യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗിയെ സജ്ജമാക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തല്‍. വൃക്കയുമായി കളമശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന സമയത്തു തന്നെ ഡയാലിസിസ് തുടങ്ങിയിരുന്നുവെങ്കില്‍ ഈ കാലതാമസം ഒഴിവാക്കാമായിരുന്നതേയുള്ളുവെന്നും വിലയിരുത്തലുണ്ട്.
Content Highlights – Thiruvananthapuram Medical College, Patient died due to delay in the kidney transplant surgery