പച്ചക്ക് വർഗീയത പറയുന്ന ആളുടെ സഞ്ചാരം മുഖ്യമന്ത്രിയുടെ കാറിൽ; പിണറായി തികഞ്ഞ അയ്യപ്പഭക്തനെന്നും മൂന്നാം തവണയും മുഖ്യമന്ത്രിയാകുമെന്നും വെള്ളാപ്പള്ളി

കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു അയ്യപ്പ ഭക്തൻ ആണെന്ന് പറഞ്ഞിരിക്കുകയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കമ്മ്യൂണിസ്റ്റുകാർ നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം പേരും ഭക്തന്മാരാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാനെത്തിയപ്പോളാണ് വെള്ളാപ്പള്ളി മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
ആദർശത്തിനായി നിരീശ്വരവാദം പറയുമെങ്കിലും അയ്യപ്പനെ കാണാനെത്തുന്ന 90 ശതമാനം പേരും മാർക്സിസ്റ്റ് കമ്യൂണിസ്റ്റുകാരാണ്. ഇവർക്കെല്ലാം മനസിൽ ഭക്തിയുണ്ട്. പണ്ട് എന്തെങ്കിലും ഒക്കെ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ അങ്ങനെയല്ല. പിണറായി തന്നെ രണ്ടു തവണ ഇവിടെ വന്നിട്ടുണ്ട്. ഭക്തനല്ലെങ്കിൽ അദ്ദേഹം വരുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. അയ്യപ്പനെ അദ്ദേഹം ഹൃദയം കൊണ്ട് ഇന്ന് സ്വീകരിച്ചെന്നും ഭക്തനല്ലെങ്കിൽ അങ്ങനെ ചെയ്യുമോ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
പമ്പയിലെ ആഗോള അയ്യപ്പ സംഗമവേദിയിലേക്ക് പിണറായി വിജയന്റെ കാറിലാണ് വെള്ളാപ്പള്ളി എത്തിയത്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പിണറായിയെ തനിക്ക് ഏറെ ഇഷ്ടമാണ് എന്നായിരുന്നു വെള്ളാപ്പള്ളി പ്രതികരിച്ചത്.
‘നേരത്തെയും അദ്ദേഹത്തെ കൈ കൊടുത്ത് പൊക്കിക്കൊണ്ട് നടന്നിട്ടില്ലേ? അദ്ദേഹം എന്നെയും പൊക്കിക്കൊണ്ട് നടന്നിട്ടില്ലേ? എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അടുത്ത തവണയും അദ്ദേഹം തന്നെയാകും മുഖ്യമന്ത്രി. വേറെ ആരെങ്കിലും മുഖ്യമന്ത്രിയാകുന്നതുകൊണ്ട് കാര്യമില്ല. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയാകാനുള്ള ഏകയോഗ്യൻ അദ്ദേഹം മാത്രമാണ്. എല്ലാവരെയും കൊണ്ടുനടക്കാനുള്ള കഴിവും എല്ലാവരെയും മെരുക്കികൊണ്ടുപോകാനുള്ള ശക്തിയും ഇന്ന് പിണറായിക്കുള്ളതുപോലെ മറ്റാർക്കും ഇല്ല’ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ ഈ പ്രസ്താവനയെ കുറിച്ച് മുഖ്യമന്ത്രി എന്തെങ്കിലും പറഞ്ഞതായി അറിയില്ല. എന്തായാലും അദ്ദെഅഹം ഈ വിഷയത്തിൽ പ്രതികരിക്കേണ്ടതുണ്ട്. പറഞ്ഞത് വാ പോയ വാക്കത്തി ആണെങ്കിലും, ഒരു കമ്യൂണിസ്റ്റുകാരനായ സഖാവ് പിണറായി വിജയനെ അയ്യപ്പ ഭക്തൻ എന്ന് വിശേഷിപ്പിക്കുന്നത് അരോചകമാണ്.
സിപിഎം എന്ന പാർട്ടി വിശ്വാസത്തിനും ആചാരങ്ങൾക്കും എതിരല്ല എന്നതൊക്കെ ശരിയാണ്. വലിയ നേതാക്കളൊന്നും പരസ്യമായി ക്ഷെഹ്ര ദർശനം നടത്താറില്ലെങ്കിലും, അങ്ങനെ ചെയ്യുന്നവർക്കും പാർട്ടിയിൽ വിലക്കൊന്നുമില്ല. പക്ഷെ ഇപ്പോൾ സ്വീകരിക്കുന്ന ഈ മൃദു ഹിന്ദുത്വ നിലപാട് ഭാവിയിൽ ദോഷം ചെയ്യാൻ സാധ്യതയുണ്ട്.
ഇന്ത്യ അടക്കി ഭരിച്ചിരുന്ന കോൺഗ്രസ് എന്ന പാർട്ടിയുടെ വീഴ്ചയുടെ കാരണവും ഈ മൃദു ഹിന്ദുത്വ സമീപനം തന്നെയാണ്. എന്താണ് ഈ മൃദു ഹിന്ദുത്വക്ക് ഉള്ള കുഴപ്പമെന്ന് ചോദിച്ചാൽ, അത് തീവ്ര ഹിന്ദുത്വക്കുള്ള വഴിയൊരുക്കലാണ് എന്ന് പറയേണ്ടി വരും. അതായത് സംഘപരിവാർ നയിക്കുന്ന ഒരു രാഷ്ട്രീയ ചേരിയിലേക്കാവും ഒടുവിൽ ഭൂരിഭാഗം ജനങ്ങളും എത്തിച്ചേരുന്നത്.
ഒരിക്കൽ ഹിന്ദുത്വ ശക്തികൾ കേരളത്തിൽ പിടിമുറുക്കിയാൽ, അതിൽ നിന്നൊരു തിരിച്ച് വരവും അസാധ്യമാണ്. കോൺഗ്രസ്സിനേക്കാൾ ഏറെ അതിന്റെ ദൂഷിത ഫലങ്ങൾ അനുഭവിക്കേണ്ടതും കമ്യൂണിസ്സ് പാർട്ടികൾ ആയിരിക്കും. അതുകൊണ്ട് രാഷ്ട്രീയത്തിൽ മതം കലർത്താതെ പോകുന്നത് തന്നെയായിരിക്കും നല്ലത്.
മറ്റൊരു കാര്യം ഇന്നലെ കേരളത്തിലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്ത ആളാണ് വെള്ളാപ്പള്ളി നടേശൻ. ബിജെപി മുന്നണിയിലുള്ള ഒരു ചെറിയ പാർട്ടിയുടെ നേതാവിന്റെ അച്ഛൻ ആണെന്നുള്ളത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടൊപ്പം ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യാനുള്ള യോഗ്യതയായി കണക്ക് കൂട്ടുമോ?
പല വേദികളിലും പച്ചക്ക് വർഗീയത പറയുന്ന, മുസ്ലിം വിരുദ്ധ വിഷം ചീറ്റുന്ന ഇയാളെ പോലെയുള്ളവരെ ചേർത്ത് നിർത്തുന്നത് കൊണ്ട് എന്താണ് കേരളാ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത് എന്നും മനസ്സിലാകുന്നില്ല. ചുരുക്കി പറഞ്ഞാൽ ജാമ്യമില്ല വകുപ്പനുസരിച്ചുള്ള ഒരു കേസിലെ പ്രതിയെ പോലീസ് വകുപ്പ് കൂടി നോക്കുന്ന മുഖ്യമന്ത്രി ഒപ്പമിരുത്തി യാത്ര ചെയ്യുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.
ചേർത്ത് നിർത്താൻ ഉന്നതരായ ആളുകൾ ഉണ്ടെങ്കിൽ എന്തും വിളിച്ച് പറയാൻ ഇത്തരം ആളുകൾക്ക് ധൈര്യം കൂടും. അതിനായുള്ള സുഖിപ്പിക്കൽ തന്ത്രമാണ്, മൂനാം തവണയും പിണറായി വിജയൻ തന്നെ മുഖ്യ മന്ത്രി ആകുമെന്നും, അദ്ദേഹത്തേക്കാൾ കഴിവുള്ള ആരും തന്നെ ഈ കേരളത്തിൽ ഇല്ലെന്നുമുള്ള വെള്ളാപ്പള്ളിയുടെ തരം താഴ്ന്ന പ്രസ്താവന. ഇത്തരം ആളുകളെ ചേർത്ത് നിർത്തുമ്പോൾ അകന്നു പോകുന്നത് വലിയൊരു ജനക്കൂട്ടമാണ്.