എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ബുധനാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി ആര് ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
2,961 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാര്‍ത്ഥികളുടെ റിസള്‍ട്ടാണ് പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപന ശേഷം വൈകീട്ടു നാലു മുതല്‍ പിആര്‍ഡി ലൈവ്, സഫലം 2022 എന്നീ ആപ്പുകളിലും www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.
ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാവുന്ന സംവിധാനം ഒരുക്കിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കു കൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത് വികസിക്കുന്ന ഓട്ടോ സ്കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഫലം തടസ്സമില്ലാതെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പിആര്‍ഡി ലൈവ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ലഭ്യമാണ്.
വ്യക്തിഗത ഫലത്തിന് പുറമെ സ്കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള ഫലം അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭിക്കും.
Content Highlights – V Sivankutty, SSLC examination result in the state will be announced tomorrow