പൊലീസുകാരന്റെ ഭാര്യ മോഷണത്തിനെത്തി തീകൊളുത്തി; ചികിത്സയിലായിരുന്ന ആശാപ്രവര്‍ത്തക മരിച്ചു

പത്തനംതിട്ട കീഴ്വായ്പൂരില്‍ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ആശാപ്രവര്‍ത്തക പുളിമല വീട്ടില്‍ ലതയാണ് മരിച്ചത്. കേസിലെ പ്രതി സുമയ്യക്കെതിരെ മനഃപൂര്‍വ്വമുള്ള നരഹത്യ കുറ്റം ചുമത്തും.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയാണ് ലത മരിച്ചത്. ഒക്ടോബര്‍ 10നാണ് ലതയുടെ വീടിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സുമയ്യ ഇവരെ തീകൊളുത്തിയത്. ലതയുടെ സ്വര്‍ണ്ണം അപഹരിക്കാനുള്ള ശ്രമത്തിനിടയായിരുന്നു തീ കൊളുത്തിയത്.
സുമയ്യ ഓണ്‍ലൈന്‍ വായ്പാ ആപ്പുകളിലും ഓഹരി വ്യാപാരങ്ങളിലും സജീവമായിരുന്നു. ഭര്‍ത്താവ് അറിയാതെയായിരുന്നു ഇടപാടുകള്‍. അന്പതുലക്ഷത്തോളം രൂപയുടെ നഷ്ടം വന്നതോടെ കടം വീട്ടാന്‍ ലതയോട് ഒരു ലക്ഷം രൂപ വായ്പ ചോദിച്ചു. ഇത് കിട്ടാതെ വന്നതോടെ സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലത നല്കാന് തയ്യാറായില്ല. ഇതോടെയാണ് കവര്‍ച്ചക്ക് മുതിര്‍ന്നത്.
നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സുമയ്യക്കെതിരെ മനപ്പൂര്‍വമുള്ള നരഹത്യ കുറ്റം കൂടി ചുമത്തും. ലതയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്കാരം പിന്നീട് നടക്കും