ഗോവിന്ദച്ചാമിമാരും അക്രമങ്ങളും ഇനി ട്രെയിനുകളിൽ ഉണ്ടാകരുത്; യാത്രക്കാരുടെ സുരക്ഷക്കായി ”ഓപ്പറേഷൻ രക്ഷിത”
ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി കേരള റെയിൽവേ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷന് രക്ഷിത” യുടെ ഭാഗമായി 72 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന പെൺകുട്ടിയെ ആക്രമിച്ച് തള്ളിയിട്ട് പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും സുരക്ഷ ഉറപ്പു വരുത്താൻ വേണ്ടിയാണ് കേരള റെയിൽവേ പൊലീസും, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി “ഓപ്പറേഷന് രക്ഷിത” സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്.
റെയില്‍വേ പൊലീസ് എസ്പി ഷഹന്‍ഷാ കെ എസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പരിശോധന നടക്കുന്നത്. ട്രെയിനുകള്‍ക്കുള്ളിലും പ്ലാറ്റുഫോമിലും സ്റ്റേഷന് പരിസരത്തും ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക പരിശോധനകള്‍ നടന്നിരുന്നു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുക, ട്രെയിനുകളിലും സ്റ്റേഷന് പരിസരങ്ങളിലും പാലിക്കേണ്ട അച്ചടക്കം, ജാഗ്രത, ക്രമസമാധാനം എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, യാത്രക്കാര്‍ക്കുനേരെ ഉണ്ടാകുന്ന വിവിധ അക്രമസംഭവങ്ങളെ ഫലപ്രദമായി തടയുക എന്നിവയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്.
മദ്യപിച്ച് യാത്ര ചെയ്യുന്നവരെ കണ്ടെത്താന്‍ വിവിധ സ്റ്റേഷന് പരിധികളില്‍ ബ്രെത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന, റെയില്‍വേ സ്റ്റേഷന് പരിധിയിലുള്ള സിസിടിവി ക്യാമറകളുടെ നിരീക്ഷണം, ബോംബ് സ്ക്വാഡ്, കെ9 സ്ക്വാഡ് എന്നീ വിഭാഗങ്ങളെ ഉപയോഗിച്ചുള്ള പരിശോധനകള്‍ തുടങ്ങിയ നടപടികള്‍ ഇതിൻ്റെ ഭാഗമായി നടക്കുന്നുണ്ട്.
ഇതിനായി കേരള റെയില്‍വേ പൊലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ടിക്കറ്റ് പരിശോധകരും അടങ്ങുന്ന ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ തുടരുമെന്ന് പൊലീസ് പറഞ്ഞു.
അമിതമായി മദ്യം കഴിച്ചെത്തിയ ആളുകൾക്ക് എതിരെയാണ് ഇപ്പോൾ കേസ് എടുത്തിട്ടുള്ളത്.
പോലീസുദ്യോഗസ്ഥരുടെ സാന്നിധ്യം കൊണ്ടുതന്നെ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതെ തടയുന്നതിനും ഇതിലൂടെ യാത്രക്കാര്‍ക്ക് സുരക്ഷിതത്വബോധം ലഭിക്കുന്നതിനുമാണ് പ്രധാനമായും ശ്രമിക്കുന്നത്.
തിരുവനന്തപുരം വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വെന്റിലേറ്ററിൽ ചികിത്സയിലാണ് ശ്രീക്കുട്ടി. വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറ് ഇളകി മറിഞ്ഞുള്ള ആക്സോണൽ ഇഞ്ചുറിയുണ്ടായെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.
അതിനാൽ സാധാരണ നിലയിലാകാൻ സമയം വേണ്ടി വരും.എന്നാൽ എത്രനാൾ ഇങ്ങനെ അബോധാവസ്ഥയിൽ തുടരുമെന്നും വ്യക്തമല്ല.അതേസമയം, എല്ലുകൾക്ക് വലിയ പൊട്ടലോ നെഞ്ചിലും വയറ്റിലും സാരമായ പ്രശ്നങ്ങളോ ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഗോവിന്ദച്ചാമി അക്രമം നടത്തിയ ചെറുതുരുത്തിയിൽനിന്ന്, ഇപ്പോൾ വർക്കലയിലേക്ക് എത്തുമ്പോൾ ട്രെയിൻ സുരക്ഷക്ക് കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. യാത്രക്കാരെയും ജീവനക്കാരെയും പരസ്യമായി ആക്രമിക്കാൻ അക്രമികൾ ഇപ്പോളും തയ്യാറാവുകയാണ്.
ഏതാണ്ട് 15 വർഷങ്ങൾക്കു മുൻപാണ് ചെറുതുരുത്തിയിൽ ട്രെയിനിൽ അക്രമത്തിൽ യാത്രക്കാരി കൊല്ലപ്പെട്ടത്. കേരളത്തെ ഞെട്ടിച്ച സംഭവം ഏറെ വിവാദമായിരുന്നു. ട്രെയിനിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു നിരവധി ശ്രമങ്ങളും നടന്നു. എന്നാൽ അതെല്ലാം വെറും വാഗ്ദാനങ്ങളായി മാറി.
വർക്കലയിൽ കഴിഞ്ഞ ദിവസം പെൺകുട്ടിയെ മദ്യപാനി ട്രെയിനിൽനിന്നു ചവിട്ടി പുറത്തേക്കു വീഴ്ത്തി. വളവിൽ ട്രെയിനിനു വേഗം കുറഞ്ഞിരുന്നതു കൊണ്ടും സഹയാത്രികർ ഇടപെട്ടതുകൊണ്ടും മാത്രമാണ് യാത്രക്കാരിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്.
ചെറുതുരുത്തിയിൽ പെൺകുട്ടിയെ ആക്രമിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഗോവിന്ദച്ചാമി 15 വർഷങ്ങൾക്കു ശേഷം അടുത്തിടെയാണ് ജയിൽ ചാടിയത്. ആ നീണ്ട 15 വർഷങ്ങൾ കഴിഞ്ഞിട്ടും ട്രെയിനിലെ അതിക്രമങ്ങൾ അവാനിക്കുന്നില്ല. ഓപ്പറേഷൻ രക്ഷിത അതിനൊരു പരിഹാരം ആകുമെന്ന് തന്ന്നെ നമുക്ക് പ്രതീക്ഷിക്കാം.
ശുഭയാത്ര എന്ന് പറയുന്നതിനേക്കാൾ, ട്രെയിൻ യാത്രക്കാർക്ക്ക് ആശ്വാസമാകുന്ന ഒന്നായിരിക്കും സുരക്ഷിത യാത്ര എന്ന അനൗൺസ്മെന്റ്.













