തിരുവനന്തപുരം – കണ്ണൂര്‍ അതിവേഗ റെയില്‍ പ്രഖ്യാപനം 15 ദിവസത്തിനകം
സംസ്ഥാനത്തെ അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പതിനഞ്ചു ദിവസത്തിനകം റെയില്‍വേയുടെ പ്രഖ്യാപനം ഉണ്ടാവുമെന്ന്, പദ്ധതിക്കു നേതൃത്വം നല്കാന് നിയോഗിക്കപ്പെട്ട മെട്രോ മാന്‍ ഇ ശ്രീധരന്. ഇത് സംബന്ധിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തിയതായും ഇ ശ്രീധരന് പറഞ്ഞു. പദ്ധതിക്കായി സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയാകില്ലെന്നും സംസ്ഥാന സര്‍ക്കാരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇ ശ്രീധരന് പറഞ്ഞു. തിരുവന്തപുരത്ത് നിന്ന് കൊച്ചി വരെ ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റും തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് രണ്ടര മണിക്കൂറും തിരുവന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെ മൂന്നേകാല്‍ മണിക്കൂര്‍ സമയവുമാണ് വേണ്ടിവരിക.
മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആയിരിക്കും ട്രെയിനിന്റെ വേഗം. കേരളത്തില്‍ 22 സ്റ്റോപ്പുകളാകും ഉണ്ടാവുക. സില്‍വര്‍ ലൈനില്‍ നിന്ന് വ്യത്യസ്തമായി അതിന്റെ മൂന്നിലൊരു ഭാഗം ഭുമി മാത്രമേ അതിവേഗ റെയിലിന് വേണ്ടിവരികയുള്ളു. എഴുപത് ശതമാനം എലിവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയും ആയിരിക്കും. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാത്താവളങ്ങളെ ബന്ധിപ്പിക്കുന്നതാവും അതിവേഗ റെയില്‍ പദ്ധതി.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്, എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, വൈക്കം, എറണാകുളം, ആലുവ, നെടുമ്പാശേരി, തൃശൂര്‍, കുന്നംകുളം. എടപ്പാള്‍. തിരൂര്‍, കരിപ്പൂര്‍ വിമാനത്താവളം, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി കണ്ണൂര്‍ എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍.













