ആര്‍ഡിഒ കോടതിയിലെ സ്വര്‍ണ്ണം മോഷ്ടിച്ച കേസ്; പ്രതിയായ മുന്‍ സീനിയര്‍ സൂപ്രണ്ട് അറസ്റ്റില്‍
തിരുവനന്തപുരം ആര്.ഡി.ഒ കോടതിയിലെ തൊണ്ടിമുതലുകളില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ മുന്‍ ഉദ്യോഗസ്ഥന് അറസ്റ്റില്‍. മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍നായരാണ് അറസ്റ്റിലായത്. 2020-21 കാലത്ത് ലോക്കറിന്റെ ചുമതലയുണ്ടായിരുന്ന ശ്രീകണ്ഠന് നായരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പേരൂര്‍ക്കട പൊലീസിന്റെയും സബ് കളക്ടര്‍ എം.എസ്.മാധവിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ആഭ്യന്തര അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച ശ്രീകണ്ഠന് നായര്‍ തിരുവനന്തപുരം സ്വദേശിയാണ്.
തിരുവനന്തപുരം കളക്ട്രേറ്റിനുള്ളിലെ ആര്.ഡി.ഒ കോടതി ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന 45 ലക്ഷത്തോളം രൂപയുടെ തൊണ്ടിമുതലുകളില്‍ നിന്ന് 110 പവനോളം സ്വര്‍ണവും 120 ഗ്രാമിലേറെ വെള്ളിയും നാല്‍പ്പത്തിയേഴായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. അതിവേഗത്തില്‍ തുടങ്ങിയ കേസ് അന്വേഷണം പ്രതിയെ കണ്ടെത്തിയതോടെ നിലച്ച അവസ്ഥയായിരുന്നു.
ശ്രീകണ്ഠന്‍നായര്‍ ചുമതലയിലുണ്ടായിരുന്ന കാലത്തെ ഫയലുകളില്‍ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പെട്ടതോടെ അന്വേഷണം ഇയാളിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. ഒരാഴ്ചയിലേറെയായി ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു.